റിയാദ് - നാട്ടില്‍നിന്ന് സൗദിയിലേക്ക് പുറപ്പെട്ട് യു.എ.ഇയില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ളവര്‍ കെ.എം.സി.സി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍ കെ.എം.സി.സി സൗജന്യമായി ഒരുക്കിയ ബസില്‍ 27 പേരാണ് വെള്ളിയാഴ്ച സൗദിയിലെത്തിയത്. അസീസിയയിലെ സാപ്റ്റ്‌കോ ബസ് സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
വകഭേദം സംഭവിച്ച കോവിഡ് വ്യാപന ഭീതിയില്‍ സൗദി അറേബ്യ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഇവര്‍ യു.എ.ഇയില്‍ കുടുങ്ങുകയായിരുന്നു. ഇന്ത്യക്കാര്‍ക്ക് സൗദിയിലെത്തണമെങ്കില്‍ 14 ദിവസം ഇന്ത്യക്ക് പുറത്ത് താമസിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ യുഎഇയില്‍ എത്തിയത്. അജ്മാന്‍ കെ.എം.സി.സിക്ക് കീഴില്‍ മുന്നൂറോളം പ്രവാസികള്‍ക്ക് ആശ്രയമൊരുക്കി. അജ്മാനില്‍നിന്നും കഴിഞ്ഞ ദിവസം പുറപ്പെട്ട ആദ്യ ബസാണ് റിയാദിലെത്തിയത്.
യാത്രക്കാരെ സ്വീകരിക്കാന്‍ കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, മുജീബ് ഉപ്പട, ഷംസു പെരുമ്പട്ട, സഫീര്‍ തിരൂര്‍, നൗഫല്‍ താനൂര്‍, അലി അക്ബര്‍, മുനീര്‍ മക്കാനി, ഉസ്മാന്‍ ചെറുമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി. യാത്രക്കാരായ ആളുകളില്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ളവരുണ്ടായിരുന്നു. ഇവര്‍ക്കും കെ.എം.സി.സി ആവശ്യമായ സേവനങ്ങള്‍ നല്‍കി. വരും ദിവസങ്ങളില്‍ ബാക്കിയുള്ള ബസുകളെത്തും.