എടപ്പാള്‍- ചേകനൂരില്‍ വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് മോഷണം. 125 പവന്‍ സ്വര്‍ണവും 65000 രൂപയും നഷ്ടപ്പെട്ടതായി പരാതി.
ചേകനൂര്‍ പുത്തന്‍കുളത്ത് മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് പുറത്ത് പോയി രാത്രി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്്. തൃശൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാനായാണ് വീട്ടുകാര്‍ പോയത്. വ്യക്തമായി അറിയാവുന്നവരാകാം മോഷണത്തിന് പിറകിലെന്ന് സംശയമുണ്ട്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ പൂട്ടു തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. വീട്ടുകാര്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് വാതിലുകള്‍ തകര്‍ത്തതായി കണ്ടത്. ബന്ധുക്കളായ മൂന്നു വീട്ടുകാരുടെ സ്വര്‍ണമാണ് മുഹമ്മദ് കുട്ടിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.