ലഖ്‌നൗ- ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച രണ്ടു മുതിര്‍ന്ന വ്യക്തികളുടെ ജീവിതത്തില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഹിന്ദു യുവതിയെ മതംമാറ്റി വിവാഹം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് ഈയിടെ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ നല്‍കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയായ, ഒന്നിച്ചു ജീവിക്കുന്ന മുതിര്‍ന്നവരായ രണ്ടു വ്യക്തികളുടെ സമാധാനപരമായ ജീവിതത്തില്‍ ഇടങ്കോലിടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ ഊന്നിപ്പറഞ്ഞു.
മുസ്‌ലിമായ ഭര്‍ത്താവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ഹിന്ദു യുവതിയുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ബന്ധുക്കള്‍ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയുമായി ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ഹാജരാക്കിയാണ് ദമ്പതികള്‍ കോടതിയില്‍ പ്രായം തെളിയിച്ചത്. ഇതു പരിശോധിച്ച കോടതി രണ്ടു പേരും മുതിര്‍ന്നവരാണെന്ന് വ്യക്തമാക്കി. ഭാര്യയുടെ പേരില്‍ മൂന്ന് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം നടത്താനും ഭര്‍ത്താവിനോട് കോടതി ഉത്തരവിട്ടു.