റിയാദ് - തലസ്ഥാന നഗരിയിൽ നിന്ന് ഹായിലിലേക്കുള്ള ട്രെയിൻ സർവീസിന് നവംബർ 26 ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് സൗദി റെയിൽവെ കമ്പനി അറിയിച്ചു. തെക്കുവടക്കു പാതയിൽ പാസഞ്ചർ ട്രെയിൻ സർവീസിന്റെ രണ്ടാം ഘട്ടമാണിത്. ആദ്യ ഘട്ട സർവീസ് 2017 ഫെബ്രുവരി 26 മുതൽ ആരംഭിച്ചു. റിയാദിനെ മജ്മ, അൽഖസീം, ഹായിൽ, അൽജൗഫ് വഴി ഉത്തര സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന തെക്കുവടക്ക് പാതയിൽ ആദ്യ ഘട്ടമായി റിയാദിൽ നിന്ന് അൽഖസീമിലേക്കാണ് പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചത്. റിയാദ്, മജ്മ, അൽഖസീം സ്റ്റേഷനുകൾക്കിടയിൽ അന്ന് സർവീസ് തുടങ്ങി. ഹായിൽ സർവീസുകളിലെ ടിക്കറ്റ് ബുക്കിംഗ് ഇന്നു മുതൽ ആരംഭിക്കും. റിയാദിൽ നിന്ന് ഹായിലിലേക്ക് 120 റിയാലും അൽഖസീമിൽ നിന്ന് ഹായിലിലേക്ക് 50 റിയാലും മുതലാണ് ടിക്കറ്റ് നിരക്കുകൾ. തെക്കുവടക്കു പാതയിലെ മൂന്നും നാലും ഘട്ടങ്ങളായ അൽജൗഫ്, ഖുറയ്യാത്ത് സ്റ്റേഷനുകളിലേക്കുള്ള സർവീസുകൾ അടുത്ത വർഷം ആരംഭിക്കുമെന്നും സൗദി റെയിൽവെ കമ്പനി സി.ഇ.ഒ ഡോ. ബശാർ അൽമാലിക് പറഞ്ഞു. ഹായിൽ സർവീസ് ആരംഭിക്കുന്ന നവംബർ 26 മുതൽ റിയാദ്, മജ്മ, അൽഖസീം സ്റ്റേഷനുകളിൽ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
മധ്യസൗദിയിൽ നിന്ന് ഉത്തര സൗദിയിലെ നഗരങ്ങളിലേക്ക് സുഖകരവും നവീനവുമായ യാത്രാ അനുഭവമാണ് സൗദി റെയിൽവെ കമ്പനി ഒരുക്കുന്നത്. പാസഞ്ചർ ട്രെയിൻ സർവീസുകൾ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡുകളിലെ അപകട നിരക്ക് കുറക്കുന്നതിനും സഹായിക്കും. മധ്യസൗദിക്കും ഉത്തര സൗദിക്കുമിടയിൽ ബദൽ യാത്രാ സൗകര്യം ലഭ്യമാക്കുകയാണ് പുതിയ പദ്ധതി ചെയ്യുന്നത്. തെക്കുവടക്കു പാത കടന്നുപോകുന്ന നഗരങ്ങളിൽ ജീവിത നിലവാരം ഉയർത്തുന്നതിന് പദ്ധതി സഹായിക്കും. ഈ പ്രദേശങ്ങളിൽ സാമ്പത്തിക മേഖലകളിൽ പുത്തനുണർവുണ്ടാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പദ്ധതി സഹായകമാകും. തെക്കുവടക്കു പാതയിൽ ഗുഡ്‌സ് ട്രെയിനുകൾ നേരത്തെ തന്നെ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഉത്തര സൗദിയിലെ ഫോസ്‌ഫേറ്റ്, ബോക്‌സൈറ്റ് ഖനികളെ റിയാദ്, ദമാം വഴി കിഴക്കൻ സൗദിയിലെ റാസൽഖൈറുമായും ജുബൈലുമായും ബന്ധിപ്പിക്കുകയാണ് ഗുഡ്‌സ് പാത ചെയ്യുന്നത്.
തെക്കുവടക്കുപാതയിൽ ഗുഡ്‌സ് ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും വെവ്വേറെ റെയിൽപാതകളുണ്ട്. ഇവയുടെ ആകെ നീളം 2750 കിലോമീറ്ററോളമാണ്. തെക്കുവടക്കു പാതയിൽ സർവീസ് ആരംഭിക്കുന്നതിനു മുമ്പ് റിയാദിൽ നിന്ന് ബഖീഖ്, ഹുഫൂഫ് വഴി ദമാമിലേക്കു മാത്രമാണ് പാസഞ്ചർ ട്രെയിൻ സർവീസുണ്ടായിരുന്നത്.
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഈ പദ്ധതിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ജിദ്ദയെയും റിയാദിനെയും റെയിൽപാതയിൽ ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. റിയാദിലും ജിദ്ദയിലും മക്കയിലും മദീനയിലും കിഴക്കൻ പ്രവിശ്യയിലും മെട്രോ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിൽ റിയാദ് മെട്രോ പദ്ധതിയുടെ പകുതിയിലേറെ നിർമാണ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.