ന്യൂദല്‍ഹി- തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറിച്ചിടാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും എതിര്‍പാര്‍ട്ടിയിലേക്ക് ചേക്കേറുകയും ചെയ്യുന്ന ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മീഷനും സുപ്രീം കോടതി നോട്ടീസയച്ചു. ഇത്തരത്തില്‍ തരംപോലെ പാര്‍ട്ടി മാറുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പു മത്സര രംഗത്ത് ആറു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമുഹ്യ പ്രവര്‍ത്തക ജയ ഠാക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മാസങ്ങള്‍ക്കു മുമ്പ് മധ്യപ്രദേശിലും 2019ല്‍ കര്‍ണാകയിലുമുണ്ടായ കൂറുമാറ്റങ്ങളും സര്‍ക്കാര്‍ അട്ടിമറികളും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജനാധിപത്യത്തിന്റെ അടിത്തറയെ അപായപ്പെടുത്തുന്ന തരത്തില്‍ പദവി വാഗ്ദാനങ്ങളിലോ മറ്റു പരിഗണനകളിലോ അകൃഷ്ടരായി രാഷ്ട്രീയ കൂറുമാറ്റം നടക്കുന്നത് തടയുകയാണ് ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ ലക്ഷ്യമെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ ദൂഷ്യഫലം ഒരു ദേശീയ ആശങ്കയായി മാറിയിരിക്കുന്നു. അതുകൊണ്ട് കൂറുമാറ്റം നടത്തുന്നവരെ ആറു വര്‍ഷത്തേക്ക് വിലക്കി ഈ അഴിമതി ആചാരത്തെ നിരുത്സാഹപ്പെടുത്തണം- ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.