ലഖ്‌നൗ- പ്രണയത്തിലൂടെ പെണ്‍കുട്ടികളെ മതംമാറ്റുന്നത് തടയാനെന്ന പേരില്‍ കൊണ്ടു വന്ന പുതിയ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളില്‍ ഒന്നില്‍ പ്രതി ചേര്‍ക്കപ്പെട്ട മുസ്‌ലിം യുവാവിനെതിരെ തെളിവുകളില്ലെന്ന് യുപി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതിയില്‍ സമ്മതിച്ചു. യുപിയില്‍ വിവാദ ലവ് ജിഹാദ് നിയമം പാസാക്കി തൊട്ടടുത്ത ദിവസമാണ് 32കാരനായ നദീം, സഹോദരന്‍ സല്‍മാന്‍ എന്നീ യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു പ്രമുഖ മരുന്നു കമ്പനിയില്‍ കരാര്‍ തൊഴിലാളിയായ അക്ഷയ് കുമാര്‍ ത്യാഗി എന്നയാളുടെ പരാതിയിലായിരുന്നു കേസ്. തൊഴിലാളിയായ നദീം മുസഫര്‍നഗറിലെ തന്റെ വീട്ടില്‍ സ്ഥിരമായി എത്തുകയും ഭാര്യയെ പ്രണയ വലയില്‍ കുരുക്കി മതംമാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു അക്ഷയ് കുമാറിന്റെ പരാതി. മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി ഭാര്യ പരുളിനെ മയക്കി വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി അക്ഷയ് നദീമിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.
യുവതിയെ നിര്‍ബന്ധപൂര്‍വം നദീം മതംമാറ്റാന്‍ ശ്രമിച്ചുവെന്നതിനും വിവാഹ വാഗ്ദാനം നല്‍കിയതിനു ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നും തെറ്റായാണ് ഇവരുടെ പേരുകള്‍ കേസിലുള്‍പ്പെടുത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നതായി നദീമിന്റെ അഭിഭാഷകന്‍ സയ്ദ് ഫര്‍മാന്‍ അഹമദ് നഖ്‌വി പറഞ്ഞു. ആറ് പേജുള്ള ഈ സത്യവാങ്മൂലം യുപി സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന്‍ ജോയിന്റ് ഡയറക്ടര്‍ അവധേഷ് പാണ്ഡെയാണ് ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. അക്ഷയ് കുമാറിന്റെ ഭാര്യയുമായി നദീമിന് അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീം സമര്‍പിച്ച ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ നദീമിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരുന്നു. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ജനുവരി 15 വരെ കോടതി നീട്ടി നല്‍കി. അന്ന് കേസ് വീണ്ടും കോടതി പരിഗണിക്കും.