ശ്രീനഗര്‍- ന്യൂനപക്ഷങ്ങളോട് മാന്യമായി പെരുമാറാൻ ഇന്ത്യ മറ്റ് രാജ്യങ്ങളെ ഉപദേശിക്കുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് പി.ഡി.പി അധ്യക്ഷയും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പറഞ്ഞു.
ശ്രീലങ്ക സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവനയെ പരാമർശിക്കുകയായിരുന്നു അവർ.
ഐക്യ ശ്രീലങ്കയ്ക്കുള്ളിൽ തുല്യത, നീതി, സമാധാനം, അന്തസ്സ് എന്നിവയ്ക്കായി തമിഴ് ജനതയുടെ പ്രതീക്ഷകൾ നിറവേറ്റേണ്ടത് ശ്രീലങ്കയുടെ തന്നെ താൽപ്പര്യമാണെന്നാണ് കൊളംബോയിൽ ജയശങ്കർ പറഞ്ഞത്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ കൂടുതൽ വഷളായിക്കൊണ്ടിരിക്കുമ്പോഴും ന്യൂനപക്ഷങ്ങളെ മാന്യമായി പരിഗണിക്കുന്നതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളെ ഉദ്ബോധിപ്പിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റിൽ പറഞ്ഞു.
ഇന്ത്യയുൾപ്പെടെ ഏത് രാജ്യത്തിന്റെയും പുരോഗതിക്ക് സാമൂഹിക ഐക്യം അനിവാര്യമാണെന്ന് അവർ പറഞ്ഞു.