മുംബൈ- ഏഴുമാസം പ്രായമായ കുഞ്ഞും അമ്മയും കാറിനുള്ളിലിരിക്കെ കാര്‍ കെട്ടിവലിച്ച ട്രാഫിക് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. മുംബൈയിലാണ് സംഭവം. ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് കെട്ടി വലിച്ച് കൊണ്ടുപോകുമ്പോള്‍ കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുക്കുകയായിരുന്നു. സംഭവത്തിന്റെ രണ്ട് മിനിറ്റ് വീഡിയോ വ്യാപകമായി പ്രചരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പോലീസുകാരന്‍ ശശാങ്ക് റാണെക്കെതിരെ നടപടി സ്വീകരിച്ചത്. മുംബൈ മാലാഡിലെ എസ്.വി റോഡില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. വിഡിയോ എടുത്തയാള്‍ ശശാങ്ക് റാണെ സാബ് എന്നു വിളിച്ചു കൊണ്ട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്
വിഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.
കുഞ്ഞിന് സുഖമില്ലെന്നും പാലു കൊടുക്കുകയാണെന്ന് കാറിനകത്തിരുന്ന് സ്ത്രീ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാരും പോലീസിനെ ചോദ്യം ചെയ്തു. കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയാണ് തന്നോട് പോലീസ് ഇങ്ങനെ പെരുമാറിയതെന്ന് സ്ത്രീ പറഞ്ഞു.
കുട്ടിയുടെയും അമ്മയുടെയും ജീവന് വിലകല്‍പിക്കാത്ത രീതിയില്‍ പോലീസ് പെരുമാറിയെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനാലാണ് നടപടിയെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ വ്യക്തമാക്കി. യൂണിഫോമില്‍ പേര് വെളിപ്പെടുത്തുന്ന നെയിം പ്ലേറ്റ് പോലും ധരിക്കാതെയാണ് പോലീസ് നിയമ പാലത്തിനിറങ്ങിയത്. വീഡിയോ എടുത്തയാള്‍ പോലീസുകാരനെ ശശാങ്ക് റാണെ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഇത് തെളിവായി പരിഗണിച്ചാണ് പ്രാഥമിക നടപടി എന്ന നിലയില്‍ പോലീസുദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്