കോവൈ- പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ (79) അന്തരിച്ചു. കോയമ്പത്തൂരിലെ ഈഷ യോഗസെന്ററില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. ഡിസംബറില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷാഘാതമുണ്ടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഡോക്ടര്‍മാരില്‍ നിന്ന് പ്രത്യേക അനുമതി നേടി സത്യ പോളിനെ യോഗസെന്ററിലേക്ക് മാറ്റിയത്. 2015 മുതല്‍ യോഗകേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം. സ്വദേശീയ പ്രിന്റുകളും ഡിസൈനുകളും ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളായിരുന്നു സത്യ പോളിന്റേത്. 1985 ഏപ്രില്‍ ഒന്നിനാണ് തന്റെ വ്യവസായസംരംഭം അദ്ദേഹം ആരംഭിച്ചത്. സാരികളില്‍ പുതുമയും വ്യത്യസ്തതയും അവതരിപ്പിച്ച സത്യപോള്‍ ഫാഷന്‍ വെയറുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്.
ഇന്ത്യന്‍ ഫാഷന്‍ വ്യവസായത്തിന് വേറിട്ട മുഖം നല്‍കിയ അത്യുത്സാഹിയും ആത്മസമര്‍പ്പണവുമുള്ള വ്യക്തിയായിരുന്നു സത്യപോള്‍ എന്ന് ട്വിറ്ററിലൂടെ സദ്ഗുരു സ്മരിച്ചു. 1970 കളില്‍ പ്രൊഫസര്‍ ജെ കൃഷ്ണമൂര്‍ത്തിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായി സത്യപോള്‍ ആത്മീയാന്വേഷണത്തിലേക്ക് തിരിഞ്ഞതായും തുടര്‍ന്ന് ഓഷോയുടേയും പിന്നീട് സദ്ഗുരുവിന്റെയും ശിഷ്യത്വം സ്വീകരിച്ചതായും അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പില്‍ മകന്‍ പുനീത് നന്ദ കുറിച്ചു.