Sorry, you need to enable JavaScript to visit this website.

യു.എസ് ചാരന്മാരെ കപ്പലില്‍ കയറ്റി; ഇന്ത്യ വഞ്ചിച്ചെന്ന് റഷ്യയുടെ ആക്ഷേപം

ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ചക്ര

ന്യൂദല്‍ഹി- ഇന്ത്യയുടെ ഭാഗത്തുനിന്ന് സൗഹൃദത്തിനു ചേരാത്ത നടപടികളും വഞ്ചനയും ഉണ്ടാകുന്നുവെന്ന് റഷ്യയുടെ ആക്ഷേപം. റഷന്‍ നിര്‍മിത അന്തര്‍വാഹിനിയിലും വിമാന വാഹിനിയിലും കയറാന്‍ അമേരിക്കന്‍ ചാരന്മാര്‍ക്ക് അവസരം നല്‍കിയെന്ന ആരോപണമാണ് റഷ്യയില്‍നിന്ന് ഉയരുന്നത്. 
ഇന്ത്യ റഷ്യയില്‍നിന്ന് പാട്ടത്തിനെടുത്ത ആണവ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്. ചക്രയിലും വിലയ്ക്കു വാങ്ങിയ വിമാനവാഹിനിയായ ഐ.എന്‍.എസ്. വിക്രമാദിത്യയിലും യു.എസ്. നാവികസേനാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നാണ് ആരോപണം. 
ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനിയായ ഐ.എന്‍.എസ്. വിശാലിന്റെ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച യു.എസ്. സംഘം ഇന്ത്യയിലെത്തിയിരുന്നു. ഇവര്‍ വിശാഖപട്ടണത്തുവെച്ച് കപ്പലുകളില്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യ ശക്തമായ വിയോജിപ്പ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. 
ഇന്ത്യന്‍ നാവികസേന കരാര്‍ ലംഘിച്ചെന്നാണ് റഷ്യന്‍ പ്രതിരോധ വകുപ്പ് വിലയിരുത്തുന്നത്. ഇന്ത്യ-റഷ്യ കരാര്‍ അനുസരിച്ച് മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ ഈ മുങ്ങിക്കപ്പലില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലാത്തതാണ്. സൈനിക സാങ്കേതികവിദ്യയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടാതിരിക്കാനാണിത്. അതിനിടെ, റഷ്യന്‍ ഏജന്‍സികള്‍ പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നത നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിന്‍ അടുത്തമാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് വിവാദം. രണ്ടാമതൊരു ആണവ മുങ്ങിക്കപ്പല്‍കൂടി റഷ്യയില്‍നിന്ന്്് പാട്ടത്തിനെടുക്കാനുള്ള കരാര്‍ ഈ സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. സോണാര്‍ സംവിധാനത്തില്‍ പൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് ഐ.എന്‍.എസ്. ചക്ര അറ്റകുറ്റപ്പണിക്കായി വിശാഖപട്ടണം കപ്പല്‍ നിര്‍മാണ ശാലയിലെത്തിച്ചത്. കടലിന്റെ ആഴവും പോകുന്ന വഴിയില്‍ പരിസരത്തെ മറ്റുവസ്തുക്കളും തിരിച്ചറിയാനുള്ള സംവിധാനമാണ് സോണാര്‍. കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല. അപകടത്തെതുടര്‍ന്ന് കേടുപറ്റിയെന്നാണ് സൂചന. 
പുതിയ വിവാദങ്ങള്‍ക്കു പിന്നില്‍ ഫ്രഞ്ച് ആയുധവ്യാപാര ലോബിയാണെന്ന് ആരോപണമുണ്ട്. ഒരു ആണവ മുങ്ങിക്കപ്പല്‍ ഇന്ത്യക്ക് വില്‍ക്കാന്‍ ഫ്രാന്‍സ് ശ്രമിക്കുന്നുണ്ട്. റഷ്യയില്‍നിന്ന് രണ്ടാമത്തെ ആണവമുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാനുള്ള ഇന്ത്യയുടെ നീക്കം അട്ടിമറിക്കുകയാണ് വിവാദത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും പറയുന്നു.
 

Latest News