തിരുവനന്തപുരം- തോമസ്ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ണായക എല്‍.ഡി.എഫ്. യോഗം ഇന്ന് ചേരുന്നു. മന്ത്രിസ്ഥാനത്തുനിന്നുള്ള തോമസ്ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് സി.പി.ഐ.യും നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്ന് സി.പി.എമ്മും വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇന്നത്തെ യോഗം നിര്‍ണായകമാകുന്നത്.
ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാനസമിതി യോഗത്തില്‍ തോമസ്ചാണ്ടിവിഷയം ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ വിഷയം പരാമര്‍ശിച്ചതായാണ് സൂചന. കാര്യമായ ചര്‍ച്ച നടന്നില്ല. വെള്ളിയാഴ്ച നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഭൂമികൈയേറ്റം സംബന്ധിച്ച് തോമസ്ചാണ്ടിക്കെതിരായ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടും അതിന്മേലുള്ള നിയമോപദേശവും ചര്‍ച്ചചെയ്തിരുന്നു. നിയമോപദേശം എതിരായ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും താല്പര്യങ്ങള്ക്ക് അനുഗുണമായ തീരുമാനം കൈക്കൊള്ളാന്‍ എന്‍.സി.പി.യോട് ആവശ്യപ്പെടണമെന്ന ധാരണയാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം എന്‍.സി.പി.യുടെ മേല്‍ അടിച്ചേല്പിച്ചെന്ന ധാരണ പരക്കാന്‍ പാടില്ലെന്നും സെക്രട്ടേറിയറ്റില്‍ അഭിപ്രായമുണ്ടായി.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചതിനെത്തുടര്ന്നുണ്ടായ സാഹചര്യം ചര്‍ച്ചചെയ്യാനാണ് എല്‍.ഡി.എഫ്. യോഗമെന്നാണ് സി.പി.എം നേതൃത്വം വിശദീകരിച്ചത്. സോളാര്‍ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് യു.ഡി.എഫ്. വലിയ പ്രചാരണമാണ് ആരംഭിച്ചതെന്ന് സംസ്ഥാനസമിതിയില്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.