സമുദായങ്ങളെ തമ്മിലകറ്റാനുള്ള ശ്രമം വിലപ്പോവില്ല- കുഞ്ഞാലിക്കുട്ടി

മലപ്പുറം- എല്‍.ഡി.എഫും ബി.ജെ.പിയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് പിന്തുടരുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. താല്‍ക്കാലിക തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വേണ്ടി ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷ സമുദായങ്ങളെയും തമ്മിലകറ്റാനുള്ള ശ്രമം വിലപ്പോവില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സമന്വയത്തിന്റെയും സൗഹാര്‍ദത്തിന്റെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം സ്വീകരിച്ച പ്രസ്ഥാനമാണ് ലീഗ്. ഏതെങ്കിലുമൊരു ജനവിഭാഗത്തെ ഒറ്റപ്പെടുത്തി മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ല.

എന്‍.സി.പി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ യു.ഡി.എഫിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളൂവെന്നും ഇടതുമുന്നണി മുന്നിട്ട് നില്‍ക്കുന്ന 25ഓളം സീറ്റുകളില്‍ യു.ഡി.എഫിന് ജയിച്ചുകയറാനാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്നതും മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്നതുമൊക്കെയുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News