ന്യൂദല്‍ഹി- ഹിന്ദുത്വവാദികളുടെ 'ലവ് ജിഹാദ്' കുപ്രചരണങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പാസാക്കിയ വിവാദ മതംമാറ്റ നിയമങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീം കോടതി. വിവാഹത്തിലൂടെ നടക്കുന്ന മതംമാറ്റങ്ങളെ തടയുന്ന ഈ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. കോടതി ഉത്തരവിനു പിന്നാലെ ജംഇയത്തുല്‍ ഉലമായെ ഹിന്ദും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഈ രണ്ടു നിയമങ്ങളും മുസ്‌ലിം യുവാക്കളെ ഉന്നമിടുന്നതില്‍ ഗൗരവതരമായ ആശങ്ക ഉന്നയിച്ചാണ് ഈ അപേക്ഷ. കേസ് നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, അഭിഭാഷകരായ വിശാല്‍ ഠക്‌റെ, അഭയ് സിങ് യാദവ്, നിയമ ഗവേഷകന്‍ പ്രണ്‍വേശ് എന്നിവരാണ് ഹരജിക്കാര്‍.
ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളും തുല്യതയ്ക്കും മതവിശ്വാസത്തിനുമുള്ള അവകാശങ്ങളും ഈ നിമയങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ആര്‍ക്കുമെതിരെ വ്യാജ കുറ്റം ചാര്‍ത്താനും കുരുക്കിലാക്കാനും സമൂഹത്തിലെ ദുഷ്ട ശക്തികള്‍ ഈ നിയമങ്ങളെ ദുരുപയോഗം ചെയ്യുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.