ന്യൂദല്‍ഹി- കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിനു കീഴിലുള്ള പശു ക്ഷേമ ഏജന്‍സിയായ രാഷ്ട്രീയ കാമധേനു ആയോഗ് അടുത്ത മാസം 25ന് നടത്തുന്ന പ്രഥമ 'പശു ശാസ്ത്ര' പരീക്ഷയ്ക്കുള്ള സിലബസ് പുറത്തു വന്നു. നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണത്തിന്റെ അംശങ്ങളുണ്ടെന്നും പശുവിനെ അറുക്കുന്നത് കാലക്രമേണ ഭൂകമ്പത്തിന് കാരണമാകുമെന്നുമെല്ലാം സിലബസില്‍ ഉണ്ട്. 1984ല്‍ ഭോപാലിലുണ്ടായ വിഷവാതക ദുരന്തത്തില്‍ 20,000 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ അവിടെ ചാണകം മെഴുകിയ ചുമരുകളുള്ള വീടുകളില്‍ കഴിഞ്ഞവരെ ഈ വിഷവാതകം ബാധിച്ചില്ലെന്നും കാമധേനു ആയോഗ് തയാറാക്കിയ പരീക്ഷാ സിലബസില്‍ അവകാശപ്പെടുന്നു. ദിവസേന ആയിരക്കണക്കിന് മൃഗങ്ങള്‍ അറുക്കപ്പെടുമ്പോള്‍ മരിക്കുന്ന മൃഗങ്ങളില്‍ നിന്നുണ്ടാകുന്ന ഐന്‍സ്റ്റൈനിയന്‍ പെയ്ന്‍ വേവ്‌സ് കാരണമായുണ്ടാകുന്ന ശ്രവണസംബന്ധമായ പ്രതിഭാസം കാലക്രമേണ പാറകള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ഇതു ഭൂകമ്പത്തിലേക്കു നയിക്കുമെന്നുമാണ് മറ്റൊരു പാഠം.
നാട പശുക്കള്‍ ബുദ്ധശാലികളാളെന്നും അവ മലിന സ്ഥലങ്ങളില്‍ ഇരിക്കില്ലെന്നും പാഠത്തിലുണ്ട്. ജഴ്‌സി പശുക്കള്‍ അലസരും വേഗം രോഗബാധിതരുമാകും. ശുചിത്വമില്ലാത്തതിനാല്‍ ഇവയ്ക്ക് അണുബാധയും വേഗത്തിലുണ്ടാകും എന്നും സിലബസില്‍ ഉണ്ട്.
കാമധേനു ഗൗ വിജ്ഞാന്‍ പ്രചാര്‍-പ്രസാര്‍ പരീക്ഷ ഫെബ്രുവരി 25നാണ് നടത്തുന്നത്. ഓണ്‍ലൈനായി സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എഴുതാം. ഇനി എല്ലാ വര്‍ഷവും ഈ പരീക്ഷ നടക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും എല്ലാ സംസ്ഥാനങ്ങളിലേയും ഗൗ സേവാ ആയോഗ് അധ്യക്ഷന്‍മാരും ഈ പരീക്ഷാ നടപടികളുടെ ഭാഗമാകുമെന്നും കാമധേനു ആയോഗ് പറയുന്നു.