ലണ്ടന്‍- യുവതികളും പെണ്‍കുട്ടികളുമായ 574 പേരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത അവരെ ചൂഷണം ചെയ്ത ഇന്ത്യന്‍ വംശജനായ യുവാവിനെ ബ്രിട്ടീഷ് കോടതി 11 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. ഭീഷണിപ്പെടുത്തല്‍, ലൈംഗിക ചൂഷണം, സൈബര്‍ നിയമലംഘനങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. 27കാരനായ ആകാശ് സോധിയാണ് ശിക്ഷിക്കപ്പെട്ടത്. 2016 ഡിസംബര്‍ 26നും 2020 മാര്‍ച്ച് 17നുമിടയിലാണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങള്‍ ഇയാള്‍ ചെയ്തത്. നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, പ്രത്യേകിച്ച് സ്‌നാപ്ചാറ്റില്‍ അനധികൃതമായി കയറി യുവതികളേയും പെണ്‍കുട്ടികളേയും ഭീഷണിപ്പെടുത്തുകയും അവരുടെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയുമാണ് ഇയാള്‍ ചെയ്തത്.
നഗ്ന ചിത്രങ്ങള്‍ അയച്ചു തന്നില്ലെങ്കില്‍ രഹസ്യ ചിത്രങ്ങളും രംഗങ്ങളും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുമെന്നാണ് പെണ്‍കുട്ടികളെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നത്. ചിലര്‍ ഭീഷണിക്കു വഴങ്ങി. 65 കേസുകളാണ് ഇത്തരത്തില്‍ ഉയര്‍ന്നു വന്നത്. ഇളംപ്രായക്കാരായ യുവതികളെ വൈകാരികമായും മനശാസ്ത്രപരമായും പീഡിപ്പിക്കുകയും അവരുടെ ചിത്രങ്ങളും വിഡിയോകളും കണ്ട് ലൈംഗിക നിര്‍വൃതിയടയുകയും ചെയ്യുകയായിരുന്നു ആകാശ് സോധിയുടെ രീതിയെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. എസെക്‌സ് പോലീസ് സൈബര്‍ ക്രൈം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. 65 സംഭവങ്ങളില്‍ പ്രതി കുറ്റം സമ്മതിച്ചു. കിഴക്കന്‍ ഇംഗ്ലണ്ടിലെ ഷഫോഡ് ഹണ്ട്രഡ് സ്വദേശിയാണ് ആകാശ് സോധി.