ഹൈദരാബാദ്- തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അകന്ന ബന്ധുക്കളായ മൂന്ന് പേരെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് ആന്ധ്ര പ്രദേശ് മുന്‍ ടൂറിസം മന്ത്രിയും ടിഡിപി നേതാവുമായ ഭുമ അഖില പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് പേരെ തട്ടിക്കൊണ്ടു പോയത്. കുര്‍ണൂലിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച രാവിലെ അഖില പ്രിയയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അവരെ സെക്കന്ദരാബാദ് കോടതിയില്‍ ഹാജരാക്കി.
അഖില പ്രിയയുടെ ഭര്‍ത്താവ് ഭാര്‍ഗവ റാം, മുതിര്‍ന്ന ടിഡിപി നേതാവ് എ വി സുബ്ബ റെഡ്ഡി തുടങ്ങി മറ്റുള്ളവര്‍ക്കും തിട്ടിക്കൊണ്ടുപോകല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അന്‍ജാനി കുമാര്‍ പറഞ്ഞു.
തട്ടിക്കൊണ്ടു പോകപ്പെട്ട കെ പ്രവീണ്‍ റാവു, കെ നവീന്‍ റാവു, കെ സുനില്‍ റാവു എന്നിവര്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ അകന്ന ബന്ധുക്കളും മുഖ്യമന്ത്രിയുടെ സഹായി ആയ പി വേണുഗോപാല്‍ റാവുവിന്റെ കസിന്‍സുമാണ്. പ്രവീണ്‍ റാവു മുന്‍ ദേശീയ ബാഡ്മിന്റണ്‍ താരം കൂടിയാണ്.