അഹമ്മദാബാദ് - അധികാരത്തിലെത്തിയാൽ ജി.എസ്.ടിയിൽ കാര്യമായ മാറ്റം വരുത്തുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വടക്കൻ ഗുജറാത്തിൽ നടത്തുന്ന നവ്‌സർജൻ യാത്രയിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഒരു ഇനത്തിന് പോലും പതിനെട്ട് ശതമാനത്തിലേറെ നികുതി കൊടുക്കേണ്ടി വരില്ലെന്നും രാഹുൽ വ്യക്തമാക്കി. ഗബ്ബർ സിംഗ് ടാക്‌സ് എന്ന തന്റെ പതിവ് ആരോപണം ജി.എസ്.ടിയെപ്പറ്റി രാഹുൽ ആവർത്തിച്ചു.
മോഡിജിക്കും ബി.ജെ.പിക്കും ഇന്ന് കാര്യമായ ശക്തിയുണ്ട്. കേന്ദ്രം അവരാണ് ഭരിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ബി.ജെ.പിക്കൊപ്പമാണ്. അവർക്ക് ഒരുപാട് ശക്തിയുണ്ട്. എന്നാൽ ഗുജറാത്തിൽ കോൺഗ്രസ് ജയിക്കുമെന്ന് ഈ സ്റ്റേജിൽ നിന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം സത്യം കോൺഗ്രസിനൊപ്പമാണ്. ഗുജറാത്ത് ഇന്ത്യക്ക് വഴി കാണിക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും. കേന്ദ്രവും കോൺഗ്രസിന്റെ കൈയിലെത്തുമെന്ന് പാർഡി പട്ടണത്തിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ എട്ടു വർഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണ്. അഞ്ചു മുതൽ പത്തു വരെയുള്ള തന്റെ ആളുകൾക്കാണ് മോഡി എല്ലാം നൽകുന്നത്. ദിവസം അര ലക്ഷം ആളുകൾക്ക് ജോലി നൽകുന്ന ചൈനയോടാണ് 450 പേർക്ക് മാത്രം ജോലി നൽകുന്ന ഇന്ത്യ മത്സരിക്കുന്നത്. അതാണ് മോഡിയുടെ ഇന്ത്യ -രാഹുൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലുള്ള ഗുജറാത്തിനെ ഇളക്കിമറിച്ചാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. വടക്കൻ ഗുജറാത്തിൽ രാഹുൽ നടത്തുന്ന നവ്‌സർജൻ യാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൂടെയാണ് രാഹുലിന്റെ യാത്ര. ബി.ജെ.പിയെ കാലങ്ങളായി പിന്തുണക്കുന്ന പട്ടിദാർ സമുദായത്തിൽനിന്നുള്ള നിരവധി പേർ രാഹുലിന്റെ പൊതുസമ്മേളനത്തിലെത്തി എന്നത് ശ്രദ്ധേയമായി.