Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ആറു വയസുള്ള കുട്ടിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കണ്ണൂർ - കണ്ണൂരിൽ ആറു വയസുള്ള കുട്ടിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് പൂവത്തുരിലെ അറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കം ബാധിച്ച കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.

ഈ കുടുംബത്തിലെ മറ്റൊരു കുട്ടിയേയും ഇതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ മേഖലയിലെ 80 വീടുകളിൽ സർവേ നടത്തുകയും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 30 വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും രോഗവ്യാപനം തടയുന്നതിനുള്ള നിതാന്ത ജാഗ്രതയിലാണ്.

കഴിഞ്ഞ മാസമാണ് ജില്ലയിൽ ആദ്യമായി ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തത്. ഗൾഫിൽ നിന്നെത്തിയ ഒരാൾക്കായിരുന്നു രോഗബാധയുണ്ടായത്. എന്നാൽ രോഗം പടരാതെ തടയാനായി.

ഷിഗല്ല രോഗബാധയെക്കുറിച്ച് ആശങ്കപെടേണ്ടതില്ലെന്നും, ബാക്ടീരിയയാണ് രോഗകാരണമെന്നും, വ്യക്തി  പരിസര ശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Latest News