ചെന്നൈ- അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ഇന്ത്യയെ സമ്പന്നമാക്കിയ വിഖ്യാത സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് 54ാം പിറന്നാള്‍. സംഗീത ജീവിതത്തില്‍ കാല്‍നൂറ്റാണ്ടുപിന്നിട്ട സംഗീതജ്ഞന് ലോകമെമ്പാടുമുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു.
സംഗീത ലോകത്ത് ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഓസ്‌കാര്‍ ജേതാവായ എ.ആര്‍. റഹ്്മാന്‍.
അദ്ദേഹത്തിന്റെ സംഗീതത്തിനുപുറമെ, ഇസ്‌ലാമിലേക്കുള്ള മാറ്റവും ഇന്നും ചര്‍ച്ചാവിഷയമാണ്. മതപരിവര്‍ത്തനെത്തെ വിദേഷ പ്രചാരണത്തിനും ഇസ്്‌ലാം ഭീതിക്കും സംഘ്പരിവാര്‍ വിഷയമാക്കുന്ന രാജ്യമായി മാറിയിരിക്കയാണ് ഇന്ത്യ. റഹ്്മാന്റെ മകള്‍ ഖദീജ പര്‍ദ ധരിക്കുന്നത് വിവാദമാക്കാനും ശ്രമം നടന്നിരുന്നു. പിതാവിന്റെ സഹായം തേടാതെ സ്വന്തമായി തന്നെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകായിരുന്നു ഖദീജ.
എ.ആര്‍ റഹ്മാന്റെ ആദ്യത്തെ പേര് ദിലീപ് കുമാര്‍ എന്നായിരുന്നു. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. സംഗീത സംവിധായകനായ ആര്‍.കെ ശേഖര്‍ വിടപറഞ്ഞ് കുറച്ചു കാലം കഴിഞ്ഞായിരുന്നു അത്.
സംഗീതലോകത്ത് സാന്നിധ്യമറിയിച്ച റോജ എന്ന ചിത്രത്തിന്റെ റിലീസിന് തൊട്ട് മുമ്പായിരുന്നു റഹ്്മാന്റെ മതംമാറ്റം.
ആരിലും അടിച്ചേല്‍പിക്കേണ്ട ഒന്നല്ല മതവിശ്വാസമെന്നതാണ് എ.ആര്‍. റഹ്്മാന്റെ പ്രഖ്യാപിത നിലപാട്. ഇഷ്ടമില്ലാത്ത വിഷയം കുട്ടികള്‍ ഏറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതിനോടാണ് അദ്ദേഹം ഈ അടിച്ചേല്‍പിക്കലിനെ താരതമ്യം ചെയ്യുന്നത്.
വിരസമാകുമെന്ന് ചൂണ്ടിക്കാട്ടി നിങ്ങളുടെ മകനോടോ മകളോടോ ചരിത്രം എടുക്കരുതെന്ന് ആവശ്യപ്പെടാനും പകരം സാമ്പത്തികശാസ്ത്രമോ ശാസ്ത്രമോ എടുക്കാന്‍ നിര്‍ബന്ധിക്കാനും നിങ്ങള്‍ക്ക് കഴിയില്ല. ഇത് ഒരു വ്യക്തിഗത തെരഞ്ഞെടുപ്പാണെന്നാണ് എ.ആര്‍. റഹ്മാന്റെ അഭിപ്രായം.
1967 ജനുവരി ആറിന് ചെന്നൈയിലാണ് റഹ്മാന്റെ ജനനം. കുട്ടിക്കാലത്തുതന്നെ പിതാവിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ റഹ്മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. അദ്ദേഹത്തിന് ഒമ്പത് വയസ്സായപ്പോഴാണ് പിതാവ് മരിച്ചത്.
ആദ്യചിത്രത്തിന്റെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്ന ബഹുമതിയും എ.ആര്‍ റഹ്മാന് സ്വന്തമാണ്.പിന്നീട് ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വിഖ്യാത കലാകാരനെ തേടിയെത്തി.