Sorry, you need to enable JavaScript to visit this website.

പക്ഷിപ്പനിയിൽ നഷ്ടപരിഹാരവുമായി കേരള സർക്കാർ

തിരുവനന്തപുരം- പക്ഷിപ്പനി ദുരന്തത്തിൽ നഷ്ടപരിഹാര നിർദേശങ്ങളുമായി സർക്കാർ. രണ്ടു മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷി ഒന്നിന് 200 രൂപയും രണ്ടു മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയും നശിപ്പിക്കുന്ന മുട്ട ഒന്നിന് 5 രൂപ എന്നിങ്ങനെയാണ് നഷ്ട പരിഹാര തുക. താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളിൽ 10 ദിവസം കർശന നിരീക്ഷണം തുടരും. സംസ്ഥാന ദുരന്തപ്പട്ടികയിലാണ് പക്ഷിപ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ഇന്നലെ ആരംഭിച്ചു. പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി, പഞ്ചായത്തുകളിലാണ് കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇവിടെ 20000ൽപ്പരം താറാവുകളെ കൊന്ന് കത്തിച്ചു. 

ഒന്‍പത് ദ്രുത പ്രതികരണ സംഘം ഇന്നലെ കള്ളിംഗ് ജോലികളില്‍ ഏര്‍പ്പെട്ടു. പള്ളിപ്പാട് മൂന്നാം വാര്‍ഡ്, കരുവാറ്റ ഒന്നാം വാര്‍ഡ്, തകഴി പതിനൊന്നാം വാര്‍ഡ്, നെടുമുടി പന്ത്രണ്ടാം വാര്‍ഡ്, എന്നിവിടങ്ങളിലാണ് ആദ്യ ദിനം കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഒന്‍പത് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്. പള്ളിപ്പാട് രണ്ട് ടീം, കരുവാറ്റ മൂന്ന് ടീം, തകഴി രണ്ട് ടീം, നെടുമുടി രണ്ട് ടീം എന്നീ ടീം അംഗങ്ങള്‍ പി.പി.ഇ. കിറ്റ് ധരിച്ച് ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വരുന്നു. കള്ളിംഗ് നടപടികള്‍ പുരോഗമിക്കവേ പള്ളിപ്പാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം എ ശോഭ ഉള്‍പ്പടെയുള്ളവര്‍ എത്തിയിരുന്നു. മറ്റ് സ്ഥലങ്ങളിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഒരു ആര്‍.ആര്‍.റ്റി. ടീമില്‍ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ പി കെ സന്തോഷ്കുമാർ, പോലീസ്, റെവന്യൂ, പഞ്ചായത്ത്  വകുപ്പ് ഉദ്യോഗസ്ഥരും കള്ളിംഗ് നടപടികൾക്ക് നേതൃത്വം നൽകി.

Latest News