Sorry, you need to enable JavaScript to visit this website.

റോഡിൽ ജുമുഅ നമസ്‌കരിക്കുന്നതിൽ  പ്രതിഷേധിച്ച് ഫ്രാൻസിലെ രാഷ്ട്രീയക്കാർ

പാരീസ് - നഗരത്തിലെ റോഡുകളിൽ വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾ നമസ്‌കരിക്കുന്നതിനെതിരെ നൂറോളം രാഷ്ട്രീയക്കാർ പാരീസിൽ മാർച്ച് നടത്തി. ദേശീയഗാനം ആലപിച്ച് ത്രിവർണ കച്ചയുമണിഞ്ഞ് നടത്തിയ പ്രകടനം ക്ലിച്ചിയിലെ ഒരു തെരുവിൽ ഇരുന്നൂറോളം പേരുടെ നമസ്‌കാരം തടസ്സപ്പെടുത്തി.
ഇരുകൂട്ടരേയും പോലീസ് അകറ്റിനിർത്തിയെങ്കിലും ചെറിയ തോതിൽ കശപിശയുണ്ടായി. ശക്തമായ മതേതര സമ്പ്രദായങ്ങൾ പിന്തുടരുന്ന രാജ്യത്ത് പൊതുസ്ഥലങ്ങളിൽ ഇതുപോലെ മതചടങ്ങുകൾ അനുവദിക്കാനാവില്ലെന്നാണ് വിമർശകരുടെ വാദം. എന്നാൽ തങ്ങൾക്ക് പ്രാർഥിക്കാൻ മറ്റിടങ്ങളില്ലെന്നാണ് വിശ്വാസികളുടെ വാദം. ടൗൺ ഹാളിലെ ഒരു മുറിയിലാണ് തങ്ങൾ പ്രാർഥന നടത്തിയിരുന്നത്. എന്നാലിത് കഴിഞ്ഞ മാർച്ചിൽ അധികൃതർ തിരിച്ചെടുത്തു. ഇതോടെ ജുമുഅ പ്രാർഥനക്ക് സ്ഥലമില്ലാതായി. അമ്പത് ലക്ഷത്തോളം മുസ്‌ലിംകളാണ് ഫ്രാൻസിലുള്ളത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം സമൂഹമാണിത്. 
പൊതുസ്ഥലങ്ങൾ ഇപ്രകാരം ഉപയോഗിക്കാൻ പാടില്ല- പാരിസ് റീജനൽ കൗൺസിൽ പ്രസിഡന്റ് വലെറി പക്രെസെ പറഞ്ഞു. വെള്ളിയാഴ്ച മാർച്ചിന് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. തെരുവിലെ പ്രാർഥനകൾ നിരോധിക്കാൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് ക്ലിച്ചിയുടെ വലതുപക്ഷ മേയർ റെമി മുസൗ ആവശ്യപ്പെട്ടു. 
എന്നാൽ റോഡിൽ പ്രാർഥിക്കാൻ തങ്ങൾക്കും താൽപര്യമില്ലെന്നും പ്രാർഥനക്കായി ഒരു നല്ല സ്ഥലം അനുവദിക്കണമെന്നും പ്രാർഥനക്കെത്തിയ അബ്ദുൽ ഖാദർ എ.എഫ്.പിയോട് പറഞ്ഞു. പ്രതിഷേധ മാർച്ചിനിടെ ദേശീയ ഗാനം ആലപിച്ചത് എന്തിനാണെന്നും തങ്ങളും ഫ്രഞ്ചുകാരാണെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News