Sorry, you need to enable JavaScript to visit this website.

ദളിത് കുടുംബങ്ങൾക്ക് നീതി തേടി 12 ന് കണ്ണൂരിൽ കമ്മീഷണർ ഓഫീസ് മാർച്ച്

കണ്ണൂർ- ചെങ്ങറ ഭൂസമര പുനരധിവാസ മേഖലയിലെ ദളിത് കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 12 ന് കമ്മീഷണർ ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്ന് സമര സഹായസമിതി നേതാക്കൾ അറിയിച്ചു.
ലോക ശ്രദ്ധ നേടിയ ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത് സർക്കാരിൽ നിന്ന് പട്ടയം ലഭിച്ച, തളിപ്പറമ്പിനടുത്തെ ഒടുവള്ളിത്തട്ട് ചെങ്ങറ കോളനിയിൽ താമസിക്കുന്ന ദളിത് കുടുംബങ്ങളാണ് സി.പി.എം അക്രമത്തിൽനിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 1 മുതൽ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി വരുന്നത്. സമരം ആരംഭിച്ച ദിവസം തന്നെ സമരസമിതി നേതാവായ കൃഷ്ണന്റെ ഓട്ടോറിക്ഷ അഗ്‌നിക്കിരയാക്കുകയും വീടിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഈ സംഭവത്തിൽ ഇതു വരെ പ്രതികളെ അറസ്റ്റു ചെയ്യാൻ പോലീസ് തയാറായിട്ടില്ല. സമരസമിതി നേതാക്കൾ പറഞ്ഞു.


കോളനി നിവാസികൾക്കെതിരെ, പ്രാദേശിക സി.പി.എം പ്രവർത്തകർ നിരന്തരം ആക്രമണം നടത്തി വരികയാണ്. ഈ സംഭവങ്ങളിൽ പോലീസിൽ പരാതി നൽകിയിട്ടും നടപടികളെടുക്കാൻ തയാറായിട്ടില്ല. കോളനിയിലെ രണ്ട് കുടുംബങ്ങൾ നടത്തിവന്ന വ്യാജവാറ്റിനെതിരെ മറ്റു കോളനി നിവാസികൾ പ്രതികരിച്ചതും പരാതി നൽകിയതുമാണ് നിരന്തര ആക്രമണങ്ങൾക്ക് കാരണം. എക്‌സൈസ് സംഘം റെയ്ഡ് നടത്തി വാറ്റുപകരണങ്ങളടക്കം കണ്ടെത്തിയെങ്കിലും രാഷ്ടീയ സമ്മർദത്താൽ തുടർനടപടികളെടുത്തിട്ടില്ല. കോളനിക്ക് പുറത്തുവെച്ച് ഗുണ്ടകൾ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഇവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് ഭീഷണി. നേതാക്കൾ പറഞ്ഞു.


ചെങ്ങറ കോളനി നിവാസികളെ ആക്രമിച്ചവർക്കെതിരെ എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുക്കുക, കോളനി നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ഒടുവള്ളിത്തട്ടിലെ കോളനി ഭൂമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി മതിൽ കെട്ടി സംരക്ഷിക്കുക, കോളനി പരിസരത്തും ഒടുവള്ളി ടൗണിലും സ്ഥിരം പോലീസ് ഔട്ട് പോസ്റ്റു സ്ഥാപിക്കുക, കോളനിയിലെ വ്യാജവാറ്റിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോളനി നിവാസികൾ കലക്ട്രേറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തി വരുന്നത്. സി.പി.എം അക്രമത്തിനെതിരെ ഈ മാസം 9 ന് ഒടുവള്ളിത്തട്ടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. 12 ന് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് തടഞ്ഞുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. സമരസമിതി കൺവീനർ സൈനുദ്ദീൻ കരിവെള്ളൂർ, വൈസ് ചെയർമാൻമാരായ പി. മാധവൻ മാസ്റ്റർ, സി.എ. അജീർ, കോളനി നിവാസികളായ ശശി മാസ്റ്റർ, കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Latest News