ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മഹേന്ദ്ര ധോണിയുടെ സ്ഥാനത്തെക്കുറിച്ച് അൽപകാലമായി ചർച്ച സജീവമാണ്. ശ്രീലങ്കയിലെ ഏകദിന പരമ്പരക്കു മുമ്പ് ഇതേ വിഷയം ഒരുപാട് ചർച്ച ചെയ്യപ്പെട്ടതായിരുന്നു. എന്നാൽ ശ്രീലങ്കയിൽ ധോണി തന്റെ മൂല്യം തെളിയിച്ചു. എന്നാൽ ന്യൂസിലാന്റിനെതിരായ പരമ്പരക്കു ശേഷം വിഷയം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. വിരമിക്കണമെന്ന് വി.വി.എസ് ലക്ഷ്മൺ പറഞ്ഞത് വലിയ ചർച്ചാ വിഷയമായി. കളിക്കുന്ന കാലത്തും കമന്റേറ്റർ വേഷത്തിലും സാധാരണഗതിയിൽ അങ്ങനെ തുറന്നടിച്ച് അഭിപ്രായം പറയാത്ത വ്യക്തിയാണ് ലക്ഷ്മൺ. മാത്രമല്ല, ബി.സി.സി.ഐയുടെ കമന്റേറ്ററെന്ന നിലയിലാണ് ലക്ഷ്മൺ ആ പ്രസ്താവന നടത്തിയത്. ബി.സി.സി.ഐ പാനലിലുള്ള മറ്റു കമന്റേറ്റർമാരും ആ വികാരത്തോട് യോജിച്ചു. പകരമൊരാൾക്ക് അവസരം നൽകൂ എന്ന മുറവിളി സാവധാനമെങ്കിലും ശക്തമാവുകയാണ്.
രാജ്‌കോട് ട്വന്റി20 യിൽ ന്യൂസിലാന്റിനെതിരായ പ്രകടനമാണ് ധോണിയെ വീണ്ടും മുൾമുനയിലാക്കിയത്. ബാറ്റിംഗ് പിച്ചിൽ ഇന്ത്യക്ക് 197 റൺസ് വലിയ വെല്ലുവിളിയാവേണ്ടതായിരുന്നില്ല. എന്നാൽ വിരാട് കോഹ്‌ലിയുമായുള്ള കൂട്ടുകെട്ടിൽ ധോണി ഇഴഞ്ഞു. കോഹ്‌ലിക്ക് ആവശ്യത്തിന് സ്‌ട്രൈക്ക് കിട്ടാതിരുന്നതാണ് പരാജയത്തിന്റെ കാരണങ്ങളിലൊന്ന് എന്ന് ബി.സി.സി.ഐയുടെ ചാനൽ തന്നെ പ്രഖ്യാപിച്ചു. കോഹ്‌ലി ക്രീസിലുള്ളപ്പോൾ 87 പന്താണ് എറിഞ്ഞത്. അതിൽ 42 പന്ത് കോഹ്‌ലി നേരിട്ടു. അവശേഷിച്ച പന്തുകളിൽ 24 എണ്ണം ധോണിയാണ് നേരിട്ടത്. അതിൽ പിറന്നത് 25 റൺസ് മാത്രമാണ്.
ധോണിക്ക് അനുകൂലമായി നിരത്തുന്ന പല ഘടകങ്ങളുണ്ട്. 37 പന്തിൽ ധോണി 49 റൺസടിച്ചു. ധോണിയും കോഹ്‌ലിയുമൊഴികെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാർ ആകെ സംഭാവന ചെയ്തത് 30 റൺസായിരുന്നു.
എന്നാൽ ധോണിയുടെ 49 പന്തിൽ ഇരുപത്തിനാലും വന്നത് കളി ഇന്ത്യ കൈവിട്ട ശേഷമാണ്. അതായത് സമ്മർദ്ദമയഞ്ഞ ശേഷം. കളി ഇന്ത്യക്ക് ജയിക്കാവുന്ന ഘട്ടത്തിൽ ധോണിക്ക് ബാറ്റിംഗ് വേഗം കൂട്ടാനായില്ല. ആ ഘട്ടത്തിൽ ധോണിയുടെ സ്‌ട്രൈക്ക് റൈറ്റ് 100, കോഹ്‌ലിയുടേത് 80. നേരിട്ട ആദ്യ 25 പന്തിൽ ഒമ്പതിൽ ധോണിക്ക് റൺസെടുക്കാനായില്ല. അതിൽ ആറും സ്പിൻ ബൗളിംഗായിരുന്നു. ഇത് ഒറ്റപ്പെട്ടതല്ല. കഴിഞ്ഞ രണ്ടു വർഷമായി ധോണിയുടെ ബാറ്റിംഗ് ഇങ്ങനെയാണ്. 2016 മുതൽ ട്വന്റി20 യിലെ അവസാന പത്തോവറിൽ സ്പിന്നിനെതിരെ പോലും 6.87 മാത്രമാണ് ധോണിയുടെ റൺറെയ്റ്റ്. വമ്പനടിക്കാരനാണ് ധോണിയെങ്കിൽ ഇത് പ്രശ്‌നമില്ലായിരുന്നു. റണ്ണെടുക്കാതെ പോവുന്ന പന്തുകൾക്കു പകരം അവർ കണക്കു തീർക്കും. എന്നാൽ അത്ര സാഹസികനല്ല ധോണി.
ഈ ദൗർബല്യം പരിഹരിക്കാൻ സമീപകാലത്ത് പലവഴികളും ധോണി തേടി. ബാറ്റിംഗ് ടെക്‌നിക് മാറ്റി, തനിക്കെതിരെ വൈഡായി എറിയുന്ന പെയ്‌സ്ബൗളർമാരെ ശിക്ഷിക്കാൻ ക്രീസിൽ ശരീരം ചലിപ്പിച്ചു, മുമ്പ് അവസാന ഓവറുകളിലാണ് ആഞ്ഞടിച്ചിരുന്നതെങ്കിൽ ഇപ്പോൾ കാത്തിരിപ്പ് നിർത്തി. എന്നിട്ടും ധോണിയെ ശാന്തനാക്കി നിർത്താൻ ബൗളർമാർ വഴി കണ്ടെത്തി.