റിയാദ് - മൂന്നര വര്‍ഷം നീണ്ട ബഹിഷ്കരണം അവസാനിപ്പിച്ച് സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ തുറന്നെന്ന റിപ്പോര്‍ട്ടുകള്‍ ഗള്‍ഫ് ജനതയെ ഒന്നടങ്കം ആഹ്ലാദക്കൊടുമുടിയിലാക്കി. ബഹിഷ്കരണത്തിന്റെ പ്രയാസം ഏറ്റവും കൂടുതല്‍ അനുഭവിച്ച ഖത്തറില്‍ ആഹ്ലാദം അണപൊട്ടിയൊഴുകി. ഖത്തറില്‍ കുട്ടികളും യുവാക്കളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളില്‍ ഇറങ്ങി.
ഗള്‍ഫ് രാജ്യങ്ങളുടെ പതാകകളും ഭരണാധികാരികളുടെ ഫോട്ടോകളുമേന്തി ആഹ്ലാദം പ്രകടിപ്പിച്ച് കാറുകളില്‍ ഇവര്‍ തെരുവുകളില്‍ കറങ്ങി. ഖത്തരികള്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സാമൂഹകിമാധ്യമങ്ങളില് വൈറലായി. സൗദി അറേബ്യക്കും ഖത്തറിനുമിടയിലെ അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയ വിവരം കുവൈത്ത് വിദേശ മന്ത്രി ശൈഖ് അഹ്മദ് നാസിര്‍ അല്‍മുഹമ്മദ് അല്‍സ്വബാഹ് ആണ് തിങ്കളാഴ്ച രാത്രി പ്രസ്താവനയില്‍ അറിയിച്ചത്.
ഇതോടെ ഖത്തര്‍ ജനത ആഹ്ലാദം പ്രകടിപ്പിച്ച് തെരുവുകളിലേക്ക് ഇറങ്ങുകയായിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇതിന്റെ അലയൊലികളുണ്ടായി. കുവൈത്ത് വിദേശ മന്ത്രിയുടെ പ്രസ്താവന ടി.വി ചാനല്‍ സംപ്രേക്ഷണം ചെയ്തയുടന്‍ അല്ലാഹു അക്ബര്‍ എന്ന് മുദ്രാവാക്യം മുഴക്കി ഖത്തരികള്‍ ആഹ്ലാദം പ്രകടിപ്പിച്ചു. വൈകാതെ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്തുള്ള യുവാക്കളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു.
ഖത്തര്‍-സൗദി അതിര്‍ത്തികള്‍ തുറന്നെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ഖത്തര്‍ എയര്‍വെയ്സ് വിമാനം റൂട്ട് മാറ്റി സൗദി വ്യോമമേഖലയില്‍ പ്രവേശിച്ചതും കൗതുകവും വിസ്മയവുമായി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ദോഹയിലേക്ക് പോവുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനം സൗദി വ്യോമമേഖലയില്‍ നിന്ന് അകന്ന് സഞ്ചരിക്കുന്നതിനിടെ പെട്ടെന്ന് സൗദി വ്യോമമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. ജോര്‍ദാനില്‍ നിന്ന് ഇറാഖ് വഴി ഇറാന് വ്യോമമേഖലക്കു സമീപം ഗള്‍ഫ് ഉള്‍ക്കടലിനു മുകളിലൂടെ വളഞ്ഞ് ദോഹയിലേക്ക് സഞ്ചരിക്കുകയായിരുന്ന വിമാനം ഇറാഖില്‍ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പായി അതിര്‍ത്തികള്‍ തുറന്നെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ സൗദി വ്യോമമേഖലയില്‍ പ്രവേശിച്ച് അറാര്‍, റഫ്ഹ, ഹഫര്‍ അല്ബാത്തിന് നഗരങ്ങള്‍ക്കു മുകളിലൂടെ ദോഹയിലേക്ക് പറക്കുകയായിരുന്നു. വിമാനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന സൈറ്റുകളാണ് ഖത്തര്‍ എയര്‍വെയ്സ് വിമാനം അപ്രതീക്ഷിതമായി റൂട്ട് മാറ്റി സൗദി വ്യോമമേഖലയില്‍ പ്രവേശിച്ചത് വ്യക്തമാക്കുന്ന ഫോട്ടോകള്‍ പുറത്തുവിട്ടത്.