വാഷിങ്ടണ്‍- ടെക് ഭീമനായ ഗുഗ്‌ളിലേയും മാതൃകമ്പനിയായ ആല്‍ഫബെറ്റിലേയും നാനൂറിലേറെ ജീവനക്കാര്‍ ചേര്‍ന്ന് പുതിയ തൊഴിലാളി യൂണിയനു രൂപം നല്‍കി. ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നു പേരിട്ട സംഘടന ടെക്‌നോളജി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന യുഎസിലെ സിലിക്കന്‍ വാലിയില്‍ ആദ്യത്തെ ട്രേഡ് യൂണിയനാണ്. ഔദ്യോഗിക തൊഴിലാളി സംഘടനകളെ വര്‍ഷങ്ങളായി എതിര്‍ത്തു വരുന്ന മേഖലയാണ് ടെക്ക് വ്യവസായം. ഗൂഗ്ള്‍ ജീവനക്കാരുടെ ഏറെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് യൂണിയന്‍ യാഥാര്‍ത്ഥ്യമായത്. ടെക്ക് രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആക്ടിവിസമാണ് പുതിയ യൂണിയനിലൂടെ കൂടുതല്‍ പ്രത്യക്ഷമായിരിക്കുന്നത്.
കമ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്‌സ് ഓഫ് അമേരിക്കയുടെ പിന്തുണയും ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയനുണ്ട്. വരിസംഖ്യ അടിസ്ഥാനത്തിലുള്ള അംഗത്വമാണ് സംഘടന നല്‍കുന്നത്. സ്ഥിരം ജീവനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും അംഗത്വമെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടര്‍ ബോര്‍ഡാണ് നേതൃത്വം നല്‍കുന്നത്. ശമ്പളം നല്‍കി സംഘാടക ജീവനക്കാരേയും നിയമിക്കും. അതേസമയം നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിലൂടെ സര്‍ക്കാരിന്റെ അംഗീകാരം ഈ സംഘടന തേടുന്നില്ല. ഈ അംഗീകാരം നേടിയെടുത്താല്‍ കൂട്ടായ വിലപേശല്‍ ശക്തി ഇല്ലാതാകുമെന്നതാണ് കാരണം.
ആല്‍ഫബെറ്റിനെ സൃഷ്ടിച്ചെടുത്തത് തൊഴിലാളികളാണ്. കോഡ് എഴുതിയും ഓഫീസുകള്‍ ക്ലീന്‍ ചെയ്തും, ബസ് ഡ്രൈവ് ചെയ്തും സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ പരീക്ഷിച്ചും കമ്പനിക്കു വേണ്ടതെല്ലാം ചെയ്തു നല്‍കി ഭീമന്‍ കമ്പനിയായി വളര്‍ത്തിയത് ജീവനക്കാരാണ്. ജീവനക്കാരേയും നാം ജീവിക്കുന്ന സമൂഹത്തേയും ബാധിക്കുന്ന തീരുമാനങ്ങളില്‍ ജീവനക്കാര്‍ക്കും അര്‍ത്ഥവത്തായ ഇടം നല്‍കുന്ന കമ്പനിയാകണം ആല്‍ഫബെറ്റ് എന്നാണ് ആഗ്രഹിക്കുന്നത്- പുതിയ ട്രേഡ് യൂണിയനെ നയിക്കുന്ന ഗൂഗ്ള്‍ എന്‍ജിനീയര്‍മാരായ പരുള്‍ കോള്‍, ഷെവി ഷോ എന്നിവര്‍ പറഞ്ഞു.