ന്യൂദല്‍ഹി- വലതു പക്ഷ ഹിന്ദുത്വ സംഘടനകള്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടത്തി വരുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കിടെ മാംസ കയറ്റുമതി മാന്വലില്‍ നിന്ന് ഹലാല്‍ എന്ന വാക്ക് അഗ്രികള്‍ചറല്‍ ആന്റ് പ്രൊസസ്ഡ് ഫൂഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) നീക്കം ചെയ്തു. ഹലാല്‍ മാംസം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ് മീറ്റ് മാന്വലില്‍ നിന്ന് ഈ വാക്ക് നീക്കം ചെയ്തത്. ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യമാണിത്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികള്‍ക്ക് അംഗീകാരം നല്‍കുന്നത് അതത് ഇറക്കുമതി രാജ്യങ്ങളാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല- എ.പി.ഇ.ഡി.എ വിശദീകരിച്ചു. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള കാര്‍ഷിക കയറ്റുമതികള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന ഏജന്‍സിയാണ് എപിഇഡിഎ. 'ഇസ്‌ലാമിക രാജ്യങ്ങളുടെ മാനദണ്ഡം അനുസരിച്ച് മൃഗങ്ങളെ ഹലാല്‍ രീതിയില്‍ അറുത്തതായിരിക്കണം' എന്ന പരാമര്‍ശം പുതിയ മാന്വലില്‍ നിന്ന് നീക്കി. 'ഇറക്കുമതി രാജ്യങ്ങളുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അറുത്തവയായിരിക്കണം' എന്നാണ് പുതിയ മാന്വല്‍ പറയുന്നത്. ഇസ്‌ലാമിക രാജ്യങ്ങള്‍ അനുശാസിക്കുന്ന ഹലാല്‍ രീതി സംബന്ധിച്ച വിശദീകരണവും മാന്വലില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.