ഇന്ദോര്‍- ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ തെളിവ് ലഭിച്ചില്ലെന്ന് കേസ് അന്വേഷിക്കുന്ന പോലീസ്. മുനവര്‍ അവഹേളനപരമായ പരാമര്‍ശം നടത്തുന്നതായി വിഡിയോ തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി. മുനവറിനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്നും സംഘാടകന്‍ എന്ന നിലയിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളതെന്നും തുക്കഗഞ്ച് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കമലേഷ് ശര്‍മ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ആരോപിക്കപ്പെടുന്നതു പോലെ കൊമേഡിയന്‍ ആക്ഷേപപരമായ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ആളെന്നു പരിചയപ്പെടുത്തി ഒരു വനിതയും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. തമാശകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നാവശ്യപ്പെട്ട് മുനവര്‍ ഫാറൂഖിക്ക് പിന്തുണ പ്രഖ്യാപിച്ച് സഹ കൊമേഡിയന്‍മാരും രംഗത്തെത്തി.
ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ ഗൗര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇന്ദോര്‍ പോലീസ് മുനവറിനേയും കൂടെയുണ്ടായിരുന്ന നാലുപേരേയും അറസ്റ്റ് ചെയ്തത്. കോമഡി ഷോയ്ക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ആക്ഷേപിച്ചുവെന്നായിരുന്നു ഏകലവ്യയുടെ പരാതി.
പരിപാടിക്കിടെ വേദിയില്‍ കയറി ഏകലവ്യ മുനവറിനെ ചോദ്യം ചെയ്തിരുന്നു. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ഏകലവ്യ ആരോപിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.