തിരുവനന്തപുരം- നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത് നടി അഹാനയെ കാണാനെന്ന് പ്രതി. സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പോലീസും വ്യക്തമാക്കി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ഫസീലുൽ അക്ബറാണ് പോലീസിന്റെ പിടിയിലായത്. കൃഷ്ണകുമാറും കുടുംബവും നോക്കി നിൽക്കെ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയത്. ഗേറ്റ് ചാടിക്കടന്ന യുവാവ് വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു.
വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി ഫസിലുളിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണാൻ വന്നതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രാഷ്ട്രീയ വൈരാഗ്യമല്ല അതിക്രമ കാരണമെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ ബന്ധുക്കളുമായി സംസാരിച്ചെങ്കിലും ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് ഇവർ അറിയിച്ചതായും പോലീസ് പറഞ്ഞു. പിടിയിലായ ആൾ മാനസിക അസ്വാസ്ഥ്യമുള്ളയാളോ ലഹരിക്കടിമയോ ആണോ എന്നും അന്വേഷിക്കുന്നുണ്ട്.