ലണ്ടന്‍- കുത്തിവെപ്പിന് തയാറായ പുതിയ വാക്‌സിനുകള്‍ രൂപമാറ്റം വന്ന ദക്ഷിണാഫ്രിക്കന്‍ കൊറോണ വൈറസിനു ഫലപ്രദമാകില്ലെന്ന് മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കന്‍ പരിവര്‍ത്തനത്തിനെതിരെ പുതിയ വാക്‌സിനുകള്‍ ഫലപ്രദമാകില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് ജാബ് വികസിപ്പിക്കാന്‍ സഹായിച്ച ശാസ്ത്രജ്ഞനായ പ്രൊഫസര്‍ സര്‍ ജോണ്‍ ബെല്‍ മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ പുതിയ ദക്ഷിണാഫ്രിക്കന്‍ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിലവിലെ വാക്‌സിനുകള്‍ ഇതിനെതിരെ ഫലപ്രദമായി പോരാടാനുള്ള സാധ്യത കുറവാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് മെഡിസിന്‍ റെജിയസ് പ്രൊഫസര്‍ സര്‍ ജോണ്‍ ബെല്‍ പറഞ്ഞത്. കെന്റില്‍ കണ്ടെത്തിയ കൊവിഡ് രൂപമാറ്റത്തേക്കാള്‍ ആശങ്കപ്പെടുത്തുന്നതാണ് ആഫ്രിക്കന്‍ സ്‌ട്രെയിനെന്ന് അദ്ദേഹം പറഞ്ഞു. യുകെയില്‍ നിലവില്‍ പടര്‍ന്നു പിടിക്കുന്ന വിയുഐ202012/01 വേരിയന്റിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്നാണ് കരുതുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വേരിയന്റായ 501.വി2ന്റെ സ്ഥിതി ഇതല്ല. ബ്രിട്ടനില്‍ രണ്ട് ഇടങ്ങളില്‍ ഇവ സ്ഥിരീകരിച്ചിട്ടുണ്ട്.
യുകെ, ജര്‍മ്മനി, സൗദി അറേബ്യ, തുര്‍ക്കി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരെ നിരോധിച്ചു. എന്നാല്‍ അടുത്തിടെ ആഫ്രിക്കന്‍ രാഷ്ട്രം സന്ദര്‍ശിച്ച ആളുകളുടെ കോണ്‍ടാക്റ്റുകളില്‍ ബ്രിട്ടനിലെ രണ്ട് സ്ഥലങ്ങളില്‍ വേരിയന്റ് കണ്ടെത്തുകയായിരുന്നു.യുഎസിലെ പ്രമുഖ വൈറോളജിസ്റ്റുകള്‍ പറഞ്ഞത് സെപ്റ്റംബറില്‍ ഒരു രോഗിയില്‍ ആദ്യമായി കണ്ട സ്‌ട്രെയിന്‍ കണ്ടെത്താനാകാതെ അവിടെ നിന്ന് പുറത്തുവന്നതാകാമെന്നാണ്. ഓസ്‌ട്രേലിയ, ഇറ്റലി, ഐസ്‌ലാന്റ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവയാണ് ആദ്യം യുകെ വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍ .