മുംബൈ- കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ചുടറിഞ്ഞ കോര്‍പറേറ്റ് ഭീമന്‍ റിലയന്‍സ് നിലപാട് വ്യക്തമാക്കി രംഗത്തെത്തി. കരാര്‍ കൃഷി നടത്താന്‍ കമ്പനിക്ക് പദ്ധതിയില്ലെന്നും രാജ്യത്ത് ഒരിടത്തും കൃഷിഭൂമി വാങ്ങിയിട്ടില്ലെന്നും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രസ്താവനയില്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്ന് റിലയന്‍സ് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നില്ല, സര്‍ക്കാര്‍ ഉറപ്പാക്കുന്ന മിനിമം താങ്ങുവില അടിസ്ഥാനമാക്കിയാണ് വിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതെന്നും കമ്പനി വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കോര്‍പറേറ്റ് അല്ലെങ്കില്‍ കാര്‍ കൃഷി നടത്തുന്നില്ല. നേരത്തെ നടത്തിയിട്ടുമില്ല. ഈ രംഗത്തേക്കിറങ്ങാന്‍ കമ്പനിക്ക് ഭാവി പദ്ധതികളുമില്ല- പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന പഞ്ചാബില്‍ റിലയന്‍സ് ജിയോയുടെ മൊബൈല്‍ ടവറുകളും മറ്റു സൗകര്യങ്ങളും വ്യാപകമായി തകര്‍ക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ പത്രക്കുറിപ്പ്. കാര്‍ഷിക നിയമങ്ങള്‍ റിലയന്‍സ് പോലുള്ള കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കു വേണ്ടിയാണെന്ന ശക്തമായ പ്രചാരണം ഉണ്ട്. എന്നാല്‍ ഈ നിമയങ്ങളുമായി കമ്പനിക്ക് ഒരു ബന്ധവുമില്ലെന്നും റിലയന്‍സ് വ്യക്തമാക്കി.
ജിയോക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ കമ്പനിയുടെ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവനു ഭീഷണിയായിരിക്കുകയാണ്. സുപ്രധാന കമ്യൂണിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ ആക്രമണങ്ങള്‍ കുത്സിത താല്‍പര്യക്കാരും തങ്ങളുടെ ബിസിനസ് എതിരാളികളുമാണ് ഇളക്കിവിട്ടതെന്നും റിലയന്‍സ് ആരോപിക്കുന്നു. ഇതു തടയാന്‍ ഇടപെടണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റിലയന്‍സ്.