Sorry, you need to enable JavaScript to visit this website.

പുകമഞ്ഞ്: ദൽഹി സർക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ വിമർശം

ന്യൂദൽഹി- അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ദൽഹിയിൽ പരിഹാര മാർഗമായി വാഹന നിയന്ത്രണം ഏർപ്പെടുത്തിയ കെജ്‌രിവാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ദേശീയ ഹരിത ട്രൈബ്യൂണൽ. അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം നിലനിൽക്കേ പരിഹാരത്തിനായി നൂറുകണക്കിനു മാർഗങ്ങൾ വേറെ നിലവിലുള്ളപ്പോൾ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം മാത്രം തെരഞ്ഞു പിടിച്ച് ഏർപ്പെടുത്തിയതെന്തിനാണെന്നാണു ഹരിത ട്രൈബ്യൂണൽ ചോദിച്ചത്. 
നഗരത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്താൻ മതിയായ നടപടികൾപോലും എടുത്തിട്ടില്ല. വാഹന നിയന്ത്രണം ഫലപ്രദമായ പരിഹാര മാർഗമല്ലെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ദൽഹി മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വിലയിരുത്തൽ മറികടന്നാണ് കെജ്‌രിവാൾ സർക്കാർ ഇപ്പോൾ അടിയന്തരമായി ഇതേർപ്പെടുത്തിയിരിക്കുന്നതെന്നും ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. 
ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഇതുപോലെയല്ല ഏർപ്പെടുത്തേണ്ടത്. കഴിഞ്ഞ ഒരു വർഷമായി മലിനീകരണം തടയാൻ ദൽഹി സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല. ആവശ്യമെങ്കിൽ ഇതു വളരെ നേരത്തേ തന്നെ ചെയ്യേണ്ടതായിരുന്നു. ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു നിയന്ത്രണംകൊണ്ട് എന്തു ഫലം ഉണ്ടാകാനാണ്? ഇപ്പോൾ ഏർപ്പെടുത്തുന്ന വാഹന നിയന്ത്രണം ജനങ്ങൾക്കു ബുദ്ധിമുട്ടേ ഉണ്ടാക്കുവെന്നും ഹരിത ട്രൈബ്യൂണൽ വിമർശിച്ചു. വനിതകളെയും ഇരുചക്ര വാഹനങ്ങളെയും നിയന്ത്രണത്തിൽനിന്നൊഴിവാക്കുക വഴി സർക്കാർ എന്താണുദ്ദേശിക്കുന്നതെന്നും ചോദിച്ചു. 
എന്തുകൊണ്ട് വാഹന നിയന്ത്രണം ഏർപ്പെടുത്തി എന്നു വിശദീകരിക്കുന്ന രേഖകൾ ഇന്നു ട്രൈബ്യൂണലിനു മുന്നിൽ കെജ്‌രിവാൾ സർക്കാർ സമർപ്പിക്കും. മറ്റൊരു വിഷയത്തിലും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കാത്ത കേന്ദ്ര സർക്കാർ വാഹന നിയന്ത്രണ വിഷയത്തിലും കൈവിട്ടു. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം കൊണ്ടു ഇതുവരെയും ഒരു പ്രയോജനവും ഉണ്ടാക്കാനായിട്ടില്ലെന്നാണു കേന്ദം വനം, പരിസ്ഥിതി സഹമന്ത്രി ഡോ. മഹേഷ് ശർമ പറഞ്ഞത്. 
ദൽഹിയിൽ മുൻപ് വാഹന നിയന്ത്രണം ഏർപ്പെടുത്തിയ ദിവസങ്ങളിലെ അന്തരീക്ഷ മലിനീകരണ തോതിന്റെ റിപ്പോർട്ട് നൽകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റീസ് സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ച് കെജ്‌രിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടാമതും എന്തുകൊണ്ട് ഡൽഹിയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയെന്നു വിശദീകരിക്കുന്ന എല്ലാ രേഖകളുമായി തയാറായിരിക്കാനാണ് സർക്കാർ അഭിഭാഷകനോട് ട്രൈബ്യൂണൽ നൽകിയ മുന്നറിയിപ്പ്.  അതിനിടെ മലിനീകരണത്തിനു വഴി വെക്കില്ലെന്ന ഉറപ്പിൽ ദൽഹിയിലെ അടിയന്തര നിർമാണ പ്രവർത്തനങ്ങൾക്ക് ട്രൈബ്യൂണൽ അനുമതി നൽകി. 
ദൽഹിയിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന 13 മുതൽ ഡിടിസി, ക്ലസ്റ്റർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നു ദൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ദൽഹിയിൽ തിങ്കളാഴ്ച മുതൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സൗജന്യ യാത്ര പൊതു ഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുമെന്നാണു കെജ്‌രിവാൾ പറഞ്ഞത്. 
എന്നാൽ, കഴിഞ്ഞ തവണയും ദൽഹി സർക്കാർ വാഹന നിയന്ത്രണ സമയത്ത് പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടും നടപ്പാക്കിയിരുന്നില്ല. ഇതിൽ യാത്രക്കാരുടെ ഭാഗത്തു നിന്നു വ്യാപക പരാതി ഉയർന്നിരുന്നു. 
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദൽഹിയിൽ പൊടിയെയും പുകയെയും അടക്കി നിർത്താൻ അഗ്നിശമന സേന രംഗത്തിറങ്ങി. വ്യാഴാഴ്ച മുതൽ നഗരത്തിലെ തിരക്കേറിയ റോഡുകളിലും മറ്റു സ്ഥലങ്ങളും വെള്ളം ചീറ്റിച്ച് അഗ്നിശമന സേനയുടെ വാഹനങ്ങൾ നിരത്തിലിറങ്ങി. പ്രധാനമായും പൊടിശല്യം കുറയ്ക്കാനാണ് ദൽഹി സർക്കാർ അഗ്നിശമന സേനയെ രംഗത്തിറക്കിയത്. ദൽഹിയിലെ 50 ഫയർ സ്റ്റേഷനുകളിലെ ജീവനക്കാർ പ്രത്യേക ദൗത്യവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ഡിഎഫ്എസ് ഡയറക്ടർ ജി.സി മിശ്ര പറഞ്ഞത്. 
അഗ്നി ശമന സേനയ്ക്കു പുറമേ ദൽഹി ജല ബോർഡ്, പിഡബ്യൂഡി, സൗത്ത് ദൽഹി മുനിസിപ്പൽ കോർപറേഷൻ തുടങ്ങിയവയുടെ ടാങ്കറുകളും ദൽഹിയിലെ റോഡുകളെ നനയ്ക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. 
പുകമഞ്ഞു ദൽഹിയെ നാലാം ദിവസമായ ഇന്നലെയും ശ്വാസം മുട്ടിച്ചു. രാവിലെ മൂന്നു മണിക്കൂറോളം 600 മീറ്ററിൽ താഴെയായിരുന്നു കാഴ്ച പരിധി. വാഹന പാർക്കിംഗിനുള്ള ചാർജ് ഇരട്ടിയാക്കിയതു തുടർന്നു. ദൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും 6000 സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 
 

Latest News