തലശ്ശേരി - വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയിൽ ശ്രീലങ്കൻ സ്വദേശിനിയായ 28 കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോയമ്പത്തൂർ എ.കെ രാജഗോപാൽ ലേ ഔട്ടിലെ നിർമല ദുർഗ്ഗയുടെ പരാതിയിലാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാൾഡ് സെക്യൂറ രഹസ്യ മൊഴി രേഖപ്പെടുത്തിയത.്
ഇപ്പോൾ തലശ്ശേരി റസ്റ്റ് ഹൗസിന് സമീപത്തെ റുഖ്‌സാന ക്വാട്ടേഴ്‌സിൽ താമസിക്കുന്ന നിർമ്മല ദുർഗ്ഗ കരിയാട് പള്ളിക്കുനിയിലെ കുഞ്ഞോറന്റവിട എ. കെ റനീഷിനും ബന്ധുക്കൾക്കുമെതിരെയാണ് ജില്ല പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്. റനീഷ് ഇപ്പോൾ മസ്‌കത്തിലാണ്.
തലശ്ശേരി പോലിസ് കേസെടുത്തതിനെ തുടർന്ന് പോലിസിന്റെ ആവശ്യ പ്രകാരമാണ് മജിസ്‌ട്രേറ്റ്് മൊഴി രേഖപ്പെടുത്തിയത.്
റനീഷ് , അമ്മ നളിനി, റനീഷിന്റെ സഹോദരി രമ്യ, രമ്യയുടെ ഭർത്താവ് ഭവീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സ്ത്രീ പീഡനം, സ്വത്ത് തട്ടിയെടുക്കൽ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് റനീഷിനെതിരെ പോലിസ് കേസെടുത്തിരുന്നത്. ചെറുപ്രായത്തിൽ മാതാപിതാക്കൾ വാഹനാപകടത്തിൽ മരിച്ച നിർമ്മല ദുർഗ്ഗയെ കോയമ്പത്തൂരിൽ വെച്ച് റനീഷ് പരിചയപ്പെടുകയും കൂടെ താമസിപ്പിക്കുകയുമായിരുന്നു. ഈ സമയത്ത് വിവാഹ വാഗ്ദാനം നൽകി യുവാവ് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി നിർമ്മല ദുർഗ്ഗ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. രണ്ട് തവണ യുവതി ഗർഭഛിദ്രം നടത്തി.
തലശ്ശേരി റുഖ്‌സാന ക്വാട്ടേഴ്‌സിൽ കഴിഞ്ഞ മാസം 19 മുതൽ ഇരുവരും താമസിച്ചുവരികയായിരുന്നു. ഇവിടെ വെച്ച് വിവാഹം റജിസ്റ്റർ ചെയ്യുമെന്ന് യുവാവ് വാക്ക് നൽകിയിരുന്നു. ഇതിനിടെ റനീഷിന്റെ അമ്മയും സഹോദരിയും സഹോദരി ഭർത്താവുമെത്തി ശാരീരികവും മാനസികവുമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. റനീഷുമായുള്ള ബന്ധം ഒഴിയണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു.
നിർമ്മല ദുർഗ്ഗയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറും സ്‌കൂട്ടറും കൈക്കലാക്കിയതിനു പുറമെ അക്കൗണ്ടിലുണ്ടായിരുന്ന ഏഴു ലക്ഷം രൂപയും എ.ടി.എം കാർഡ് കൈക്കലാക്കി റിനീഷ് പിൻവലിച്ചിരുന്നു. യുവതിയുടെ ശ്രീലങ്കൻ പാസ് പോർട്ടും 12 പവന്റെ സ്വർണ്ണാഭരണങ്ങളും അര കിലോ വെള്ളിയാഭരണങ്ങളും യുവാവ് അപഹരിച്ചതായി പറയുന്നു. വിവാഹം റജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് റനീഷിന്റെ സഹോദരിയും മറ്റും യുവാവിനെ തലശ്ശേരിയിലെ ക്വാട്ടേഴ്‌സിൽനിന്നും കൂട്ടിക്കൊണ്ടുപോയതിനുശേഷം ഗൾഫിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
തലശ്ശേരി, ചൊക്ലി പോലീസ് സ്‌റ്റേഷനുകളിൽ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് യുവതി ജില്ല പോലീസ് ചീഫിന് പരാതി നൽകിയത്.