Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിര്‍ബന്ധ പരീക്ഷണം പൂര്‍ത്തിയാക്കാത്ത ഇന്ത്യന്‍ വാക്‌സിന് അനുമതി നല്‍കിയത് വിവാദമായി

ന്യൂദല്‍ഹി- മരുന്ന് പരീക്ഷത്തിലെ നിര്‍ണായക ഘട്ടമായ മനുഷ്യരില്‍ നേരിട്ട് നടത്തുന്ന ക്ലിനിക്കല്‍ ട്രയല്‍സ് പൂര്‍ത്തിയാക്കാത്ത ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് വിവാദമായി. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചും (ഐ.സി.എം.ആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിന്‍. ആഗോള ഫാര്‍മ ഭീമനായ അസ്ട്ര സെനകയും ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് എന്ന വാക്‌സിനൊപ്പമാണ് കോവാക്‌സിനും ഞായറാഴ്ച ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു അനുമതി. അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കുന്നതിനാണ് രണ്ടു വാക്‌സിനുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. 

കോവാക്‌സിന് അനുമതി നല്‍കിയത് അപക്വമായ നടപടിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും ശശി തരൂരും ജയ്‌റാം രമേശുമാണ് ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്. ഭാരത് ബയോടെക്കിന്റെ വാക്‌സിന് അനുമതി നല്‍കിയത് ഗൗരവത്തിലെടുക്കണമെന്നും ഒരു രാജ്യവും നിര്‍ബന്ധ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതേയും വിവരങ്ങള്‍ വിശകലനം നടത്താതേയും വാക്‌സിന് അനുമതി നല്‍കിയിട്ടില്ലെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ കൂടിയാണ് ആനന്ദ് ശര്‍മ. ഭാരത് ബയോടെക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് അവര്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ്. അതുകൊണ്ട് തന്നെ ഈ വാക്‌സിന്റെ സുരക്ഷിതത്വവും ക്ഷമതയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അനുമതി നല്‍കുന്നതിന് ഇതു നിര്‍ബന്ധമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇതുമായി ബന്ധപ്പെട്ട നിര്‍ബന്ധ പ്രോട്ടോകോള്‍ നടപ്പിലാക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയം യുക്തിപരമായ കാരണങ്ങള്‍ വ്യക്തമാക്കണം. ആദ്യമായി വാക്‌സിന്‍ നല്‍കപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യവും സുരക്ഷയുമായും ബന്ധപ്പെട്ടു കിടക്കുന്നതാണിത്- അദ്ദേഹം പറഞ്ഞു. ഡിസിജിഐ പ്രസ്താവന അപൂര്‍ണമാണ്. ആഗോള ക്ഷമത സംബന്ധിച്ച പരീക്ഷണ വിവരങ്ങളും ബ്രിട്ടന്‍ കൈമാറിയ അന്തിമ പരീക്ഷണ വിവരങ്ങളും സര്‍ക്കാര്‍ പരസ്യപ്പെടുത്തി ആശയക്കുഴപ്പം ഒഴിവാക്കണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.

കോവാക്‌സിന് അനുമതി നല്‍കിയ അപകടരമായേക്കുമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് അപക്വവും അപകടകരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാരത് ബയോടെക്ക് ഒരു മികച്ച സ്ഥാപനമാണ്. പക്ഷെ കോവാക്‌സിനു വേണ്ടി രാജ്യാന്തര തലത്തില്‍ പാലിക്കപ്പെടുന്ന പരീക്ഷണ പ്രോട്ടോകോളുകള്‍ തിരുത്തിയിരിക്കുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രി വ്യക്ത നല്‍കണമെന്ന് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.

കോവിഡിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് 23000 വളണ്ടിയര്‍മാരെ ലഭിച്ചതായി ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. 26000 വളണ്ടിയര്‍മാരാണ് പരീക്ഷണത്തിന് വേണ്ടത്. മനുഷ്യരില്‍ മരുന്ന് കുത്തിവെച്ച് നടത്തുന്നതാണ് ഈ പരീക്ഷണം. നവംബര്‍ മധ്യത്തോടെയാണ് ഈ പരീക്ഷണം ആരംഭിച്ചതെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest News