ചെന്നൈ- ചെന്നൈ നഗരത്തിന് സമീപം സ്ഥിതിചെയ്യുന്ന ഐടിസി ഗ്രാന്റ് ചോള ഹോട്ടലിൽ നടത്തിയ കോവിഡ് പരിശോധനയിൽ 85 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. . ഹോട്ടൽ ജീവനക്കാരടക്കമുള്ള ആളുകൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഡിസംബർ 15ന് ഹോട്ടലിലെ ജീവനക്കാരിലൊരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഹോട്ടലിൽ നിന്നും 609 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് 85 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഹോട്ടലിൽ താമസിക്കുന്ന മുഴുവൻ ആളുകളും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ നിർദേശം നൽകി. ചെന്നൈ നഗരത്തിലെ ആഡംബര ഹോട്ടലുകളിലെല്ലാം കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ചെന്നൈ നഗരത്തിൽ സ്ഥിരീകരിക്കപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ക്ലസ്റ്ററാണ് ഗ്രാന്റ് ചോള ഹോട്ടലിലേത്. ഐഐടി മദ്രാസിൽ ഡിസംബർ മാസം 19ന് 200 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.