ന്യൂദല്‍ഹി- ബ്രിട്ടനില്‍ കണ്ടെത്തിയ തീവ്രശേഷിയുള്ള കൊറോണ വൈറസ് വകഭേദത്തെ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിജയകരമായി വേര്‍ത്തിരിച്ചെടുത്ത് കള്‍ചര്‍ ചെയ്തു. യുകെയില്‍ നിന്ന് തിരിച്ചെത്തി പിന്നീട് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് 'ബ്രിട്ടീഷ് കൊറോണ വൈറസ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കള്‍ചര്‍ ചെയ്തത്.
ബ്രിട്ടനു ശേഷം ഈ വൈറസ് വകഭേദത്തെ കള്‍ചര്‍ ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മറ്റൊരു രാജ്യവും യുകെ വൈറസ് വകഭേദത്തെ വിജയകരമായി വേര്‍ത്തിരിക്കുകയും കള്‍ചര്‍ ചെയ്യുകയും ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) അറിയിച്ചു.
എന്താണ് കള്‍ചര്‍
നിയന്ത്രിത സാഹചര്യങ്ങളില്‍ കോശങ്ങളെ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്കു പുറത്ത് വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് കള്‍ചര്‍. മോളിക്കുലാര്‍, സെല്‍ ബയോളജി ഗവേഷണ രംഗത്ത് സാധാരണയായി ഉപയോഗിക്കുന്ന 'വെറോ സെല്‍ ലൈന്‍' ഉപയോഗിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ ബ്രിട്ടീഷ് കൊറോണ വൈറസിനെ കള്‍ചര്‍ ചെയ്തത്. ഇപ്പോള്‍ ലഭ്യമായ വാക്‌സിനും കോവിഡ് ബാധിച്ചതിലൂടെ നേടിയെടുക്കുന്ന സ്വാഭാവിക രോഗപ്രതിരോധ ശേഷിയും ഈ പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ പര്യാപ്തമാണോ, അതിനുള്ള ശേഷിയുണ്ടോ എന്ന് പഠിക്കാന്‍ ഇതു സഹായിക്കുമെന്ന് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുലാര്‍ ബയോളജി ഡയറക്ടര്‍ ഡോ. രാകേശ് മിശ്ര പറഞ്ഞു.