മദീന- മസ്ജിദുന്നബവിയിലെ ടെറസ്സിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് 10,000 പേർക്കു വീതം അനുമതി നൽകുന്നതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. മഗ്‌രിബ്, ഇശാ, സുബ്ഹി, ജുമുഅ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിനാണ് മുഴുവൻ മുൻകരുതൽ നടപടികളും പാലിച്ച് ടെറസ്സിലേക്ക് വിശ്വാസികൾക്ക് പ്രവേശനം നൽകുന്നത്. ടെറസ്സിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും കവാടങ്ങൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്. ഇവിടങ്ങളിൽ തെർമൽ ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷകരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഖുബാ (നമ്പർ-5), കിംഗ് സൗദ് (നമ്പർ-8), കിംഗ് ഫഹദ് (നമ്പർ-21), കിംഗ് അബ്ദുൽ അസീസ് (നമ്പർ-34), മക്ക (നമ്പർ-37) എന്നീ കവാടങ്ങൾ വഴിയാണ് ടെറസ്സിലേക്ക് വിശ്വാസികൾക്ക് പ്രവേശനം നൽകുന്നത്. മസ്ജിദുന്നബവിക്കകത്തു വെച്ചും മുറ്റങ്ങളിൽ വെച്ചും അറിയിക്കുന്ന നിർദേശങ്ങൾ എല്ലാവരും പൂർണമായും പാലിക്കണമെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് ആവശ്യപ്പെട്ടു.