ജിദ്ദ - പാക്കിസ്ഥാനിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ വ്യവസായികൾക്ക് 1,083 വിസകൾ ക്രമവിരുദ്ധമായി അനുവദിച്ച കേസിൽ മുൻ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ ആദിൽ ഫഖീഹിനെ വിചാരണ ചെയ്യണമെന്ന് മന്ത്രിയുടെ മുൻ സെക്രട്ടറി ജിദ്ദ അപ്പീൽ കോടതിയോട് ആവശ്യപ്പെട്ടു. തൊഴിൽ, സാമൂഹിക വികസന മന്ത്രിയുടെ വ്യാജ ഒപ്പിട്ട് മന്ത്രാലയത്തിൽ നിന്ന് 1,083 വിസ അനർഹമായി സമ്പാദിച്ച കേസിലെ പ്രതികളെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. തൊഴിൽ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ, മന്ത്രിയുടെ ഓഫീസ് അഡൈ്വസർ, വ്യവസായികൾ എന്നിവരെയാണ് കീഴ്കോടതി നേരത്തെ കുറ്റവിമുക്തരാക്കിയത്.
കേസിൽ പരാമർശിക്കപ്പെട്ട അജ്ഞാത വ്യക്തിയുടെ (മന്ത്രി) പേര് വെളിപ്പെടുത്തണമെന്നും കീഴ്കോടതി വിധി റദ്ദാക്കി മുഴുവൻ പ്രതികളെയും വീണ്ടും വിചാരണ ചെയ്യണമെന്നുമാണ് കേസ് സാധൂകരിക്കുന്ന പുതിയ രേഖകൾ സഹിതം അപ്പീൽ കോടതിക്ക് നൽകിയ അപ്പീലിൽ മുൻ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത രീതിയിൽ വിസ സമ്പാദിച്ചതിന്റെ ഉത്തരവാദിത്വം അജ്ഞാത വ്യക്തിക്കാണെന്നും കേസിൽ പ്രതി പട്ടികയിൽ പെട്ടവർക്കല്ലെന്നും വ്യക്തമാക്കിയാണ് പ്രതികളെ നേരത്തെ കീഴ്കോടതി കുറ്റവിമുക്തരാക്കിയത്. അജ്ഞാത വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നതിന് പ്രതികളെ നിർബന്ധിക്കുന്നതിന് കീഴ്കോടതി വിധി റദ്ദാക്കണമെന്നാണ് പരാതിക്കാരൻ അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അജ്ഞാത വ്യക്തിയാണ് വിസ ഫയൽ തനിക്ക് കൈമാറിയതെന്ന് കേസിലെ പ്രതിയായ മന്ത്രിയുടെ ഓഫീസ് അഡൈ്വസർ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഈ വ്യക്തി ആരാണെന്ന് ഈ പ്രതിയോട് ജഡ്ജി ആരാഞ്ഞതുമില്ല.
കേസിൽ മന്ത്രിയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താൻ മാസങ്ങൾക്കു മുമ്പ് ജിദ്ദ കോടതിയിൽ ഹരജി നൽകിയിരുന്നെന്ന് മുൻ സെക്രട്ടറി പറഞ്ഞു. എന്നാൽ മന്ത്രിയെന്നോണമുള്ള പ്രത്യേക പരിരക്ഷയുള്ളതിനാൽ ഹരജി കോടതി പരിഗണിച്ചില്ല. വിസ അഴിമതിയെ കുറിച്ച് താനാണ് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചതെന്ന് അറിഞ്ഞയുടൻ മന്ത്രി തന്നെ സെക്രട്ടറി പദവിയിൽ നിന്ന് പുറത്താക്കി. പ്രാധാന്യം കുറഞ്ഞ മറ്റൊരു വിഭാഗത്തിലേക്ക് തന്നെ സ്ഥലം മാറ്റി. ഇത് സഹപ്രവർത്തകർക്കു മുന്നിൽ തനിക്ക് അപകീർത്തിയുണ്ടാക്കി.
കേസ് അന്വേഷണ കാലത്ത് മന്ത്രിയുടെ അഡൈ്വസറും സഹായികളും തന്റെ മേൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നു. അഴിമതി കേസിൽ ആദിൽ ഫഖീഹ് അറസ്റ്റിലായ പശ്ചാത്തലത്തിൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സുപ്രീം കമ്മിറ്റിക്ക് സമർപ്പിക്കുമെന്നും മുൻ സെക്രട്ടറി പറഞ്ഞു.