ന്യൂദൽഹി- മെഡിക്കൽ കോഴ കേസിൽ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. മെഡിക്കൽ പ്രവേശനത്തിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജിയുടെ പങ്ക് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിന് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കും. അതേസമയം, ഈ കേസിൽ ആരോപണ വിധേയനായ ചീഫ് ജസ്റ്റീസ് വാദം കേൾക്കരുതെന്ന് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടത് കോടതിയെ ചൊടിപ്പിച്ചു. ആരോപണം കോടതിയലക്ഷ്യമാണെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറുപടി.
സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിനായി കോഴ വാങ്ങിയ കേസിൽ ഒഡീഷ്യ ഹൈക്കോടതി മുൻ ജഡ്ജ് ഇഷ്‌റത്ത് മസ്‌റൂർ ഖുദുസിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നത്. ഖുദുസി തിഹാർ ജയിലിൽ തടവിലാണ്. ഇയാൾക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്ന മെഡിക്കൽ കോളേജ് ഉടമകളായ ബി.പി യാദവ്, രാംദേവ്, സരസ്വത് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ആവശ്യത്തിന് സൗകര്യമില്ല എന്ന കാരണത്താൽ ഈ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. കോളേജുകൾക്ക് അംഗീകാരം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് കോളേജ് ഉടമകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് സി.ബി.ഐ നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപ പിടികൂടിയിരുന്നു.
ഇന്നലെ അഞ്ച് സീനിയർ ജഡ്ജിമാർ അടങ്ങിയ സംഘം കേസിൽ വാദ കേൾക്കുമെന്ന് ജെ. ചെലമേശ്വർ വിധി പുറപ്പെടുവിച്ചിരുന്നു.