പത്ത് മാസത്തെ വീട്ടിലിരിപ്പിന് ശേഷം 10, 12 ക്ലാസുകളിലെ വിദ്യാർഥികൾ സ്‌കൂളിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് 5500 ലേറെ വരുന്ന സ്‌കൂളുകൾ വീണ്ടും സജീവമാവുകയാണ്. ഇതൊരു പരീക്ഷണമാണ്. വിദ്യാർത്ഥികൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്.
ഇതിനിടയിൽ സ്‌കൂളിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്താൽ എല്ലാം തകിടം മറിയും. സ്‌കൂൾ അടച്ചുപൂട്ടേണ്ടതായിവരും. സംസ്ഥാനത്ത് പ്രതിദിനം കോവിഡ് ബാധ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ്. ഗ്രാമപ്രദേശത്തു പോലും കോവിഡിനെ നിയന്ത്രിക്കാനായിട്ടില്ല.
കോവിഡ്19 ഭീഷണി ഒഴിഞ്ഞിട്ട് സ്‌കൂൾ തുറക്കാമെന്ന് കരുതിയാൽ അതിനുള്ള സാധ്യത കുറഞ്ഞുവരികയാണ്. പുതിയ കോറോണ വൈറസ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൂടുതൽ പ്രഹര ശേഷിയുള്ളതാണ് ഈ വൈറസ് എന്നാണ് വിലയിരുത്തുന്നത്. ന്യൂ നോർമൽ എന്ന സ്ഥിതിയിലേക്ക് മാറുകയേ നിവൃത്തിയുള്ളൂ. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ ന്യൂ നോർമൽ എന്നതിനെ എത്രത്തോളം ഉൾക്കൊള്ളുമെന്നറിഞ്ഞുകൂടാ. വിദ്യാർഥികളുടെ സ്വാതന്ത്ര്യത്തെ വലിയൊരളവോളം റദ്ദു ചെയ്തു മാത്രമേ സ്‌കൂൾ പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂ.
അധ്യാപകരും വിദ്യാർത്ഥികളും മറ്റു ജീവനക്കാരും മുഴുവൻ സമയവും മാസ്‌ക് ധരിക്കണം. സ്‌കൂളിലേക്കുള്ള യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. യാത്ര തന്നെ സൂക്ഷിച്ചും കണ്ടുമേ പറ്റുകയുള്ളൂ. പഴയതു പോലെ ബസിൽ ഞെരുങ്ങി യാത്ര ചെയ്യാനാവില്ല.
ഇപ്പോൾ വിദ്യാർഥികളുടെ എണ്ണം കുറവാണെങ്കിലും സ്‌കൂൾ മുഴുവൻ തുറക്കേണ്ട സ്ഥിതി വന്നാൽ ഇതിനെ എങ്ങനെ നേരിടാനാകുമെന്നത് പ്രധാന പ്രതിസന്ധിയാണ്. കൂട്ടംചേരാനോ അടുത്തു നിൽക്കാനോ അനുമതിയില്ല. സൗഹൃദം അകലം പാലിച്ചു മാത്രം. കൈകൊണ്ട് മൂക്ക് വായ, കണ്ണ് എന്നിവിടങ്ങളിൽ തൊടാൻ പാടില്ല. ഇതൊക്കെ സാധ്യമാകുമോയെന്നതാണ് നമ്മൾ നേരിടുന്ന വെല്ലുവിളി.
പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവയൊന്നും പരസ്പരം കൈമാറാനാവില്ല. കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകിക്കൊണ്ടേയിരിക്കണം. ഭക്ഷണം ഒന്നിച്ചിരുന്ന് കഴിക്കാനാവില്ല. പരസ്പരം ഭക്ഷണം പങ്ക് വെയ്ക്കാനും പാടില്ല. ക്ലാസ് മുറിയുടെ വാതിലിന്റെ പിടി, ഡെസ്‌ക്, ഡസ്റ്റർ, വിദ്യാർത്ഥികൾ സ്പർശിക്കാനിടയുള്ള ഇടങ്ങൾ എന്നിവയൊക്കെ രണ്ടു മണിക്കൂറിലൊരിക്കൽ വൃത്തിയാക്കണമെന്നാണ് നിബന്ധന. പനിയുടെ ലക്ഷണമുള്ളവരാരും സ്‌കൂളിലെത്താൻ പാടില്ല. വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കുമൊക്കെ നിയമം ബാധകമാണ്.
ഇങ്ങനെ സ്‌കൂളിൽനിന്ന് വീട്ടിലെത്തിയാലും മാസ്‌കും വസ്ത്രങ്ങളും കഴുകി വൃത്തിയാക്കണം. ന്യൂ നോർമൽ തന്നെ വിദ്യാർത്ഥികൾക്ക് വലിയൊരു ശിക്ഷണമാണ്. സ്‌കൂളെന്ന സങ്കൽപം തന്നെ കോവിഡ് കാലത്ത് തകിടം മറിയുകയാണ്. വിദ്യാർത്ഥികളിൽ വളരെ കുറച്ചുപേർ മാത്രമേ സ്‌കൂളിലെത്തുന്നുള്ളൂവെന്ന് കൂടി ഓർക്കുക. മുഴുവൻ വിദ്യാർത്ഥികളും എത്തുന്ന സ്ഥിതിയെ എങ്ങനെ തരണം ചെയ്യണമെന്ന കാര്യത്തിൽ ഇനിയും തീരുമാനത്തിലെത്താനായിട്ടില്ല.
ഇതുവരെ ലോകം അനുഭവിക്കാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ കണ്ടെത്തിയതോടെ ലോകം മറ്റൊന്നായിത്തീർന്നു. സ്വാതന്ത്ര്യത്തിന്റെ ഏതാണ്ടെല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടു. കോവിഡ്19 മൂലം ഏറെ ബുദ്ധിമുട്ടനുഭവിച്ച വിഭാഗം കുട്ടികളാണ്. അവരുടെ മനോനിലയെപ്പോലും ഈ പ്രതിസന്ധി ബാധിച്ചുവെന്ന് പഠനങ്ങൾ പറയുന്നു. കേരളത്തിൽ പോലും കുട്ടികളുടെ ഇടയിലുള്ള ആത്മഹത്യ വലിയ തോതിൽ വർധിച്ചു. പോഷഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടുതാനും. പോഷകാഹാരക്കുറവ് മൂലം കുട്ടികൾക്ക് ബുദ്ധിക്കുറവ് ഉണ്ടാകാം.
റസിഡൻഷ്യൽ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ചില സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. സി.ബി.എസ്.ഇ സ്‌കൂളുകളും 10, 12 ക്ലാസുകളും തുറക്കുന്നുണ്ട്. ഇന്നലെ ചിലത് തുറന്നു. ബാക്കി തിങ്കളാഴ്ച തുറക്കും. ജനുവരിയിൽ ക്ലാസും ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാർച്ച് 17 മുതൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടക്കും. സി.ബി.എസ്.ഇ പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ 10 വരെ നടത്താനാണ് തീരുമാനം.
എഴുത്തു പരീക്ഷയായിത്തന്നെ നടത്തും. ജൂലൈ 15 ന് മുമ്പായി ഫലം പ്രഖ്യാപിക്കും വിധമാണ് സി.ബി.എസ്.ഇ പരീക്ഷകൾ നടത്താൻ പരിശ്രമിക്കുന്നത്. ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളുടെ കാര്യത്തിലിനിയും തീരുമാനമായിട്ടില്ല.
പുതിയ സാഹചര്യത്തോട് വിദ്യാർത്ഥികൾ ഇണങ്ങിച്ചേരുകയല്ലാതെ വേറെ മാർഗങ്ങളൊന്നുമില്ല. കേരളത്തിൽ വ്യാഴാഴ്ച 5215 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂർ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂർ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസർകോട് 96 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെയിൽ നിന്നും വന്ന 32 പേർക്കാണ് ഇതിനകം കോവിഡ്19 സ്ഥിരീകരിച്ചത്. പുതിയ തരം കോവിഡ് ബാധയാണോ ഇവർക്കെന്ന് കണ്ടെത്തിയിട്ടില്ല. 58,283 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയധികം പേരിൽ രോഗബാധ കണ്ടെത്തിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി, പി.സി.ആർ, ആർ.ടി. എൽ.എ.എം.പി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3072 ആയി. ദിവസവും ഇതേ തരത്തിലുള്ള കണക്കാണ് പുറത്തു വരുന്നത്. ഇങ്ങനെയുള്ള കണക്കുകൾക്കിടെ സ്‌കൂൾ തുറക്കുന്നതിനെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആശങ്കയോടെയാണ് കാണുന്നത്. എന്നാൽ വിദ്യാഭ്യാസ സംവിധാനമാകെ തകിടം മറിയുമെന്നതിനാൽ സ്‌കൂൾ തുറക്കാതിരിക്കാനുമാവില്ല. ഈ വിഷമ സ്ഥിതിയിലാണ് ഇപ്പോൾ സ്‌കൂൾ തുറന്നത്. എന്തായാലും രോഗബാധ സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സ്‌കൂൾ അടച്ചിടുന്നതിൽനിന്ന് പിന്നോട്ട് പോകാൻ പാടില്ല. വിദ്യാർഥികളുടെ സുരക്ഷക്കും ജീവനുമാണ് മുന്തിയ പരിഗണന നൽകേണ്ടത്. സ്‌കൂളുകളിൽ ആവശ്യമായ പരിശോധനാ സംവിധനങ്ങൾ ഏർപ്പെടുത്താൻ കഴിയുമെങ്കിൽ അതു ഗുണം ചെയ്യും.