ന്യൂദല്‍ഹി- പ്രവാസികള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രവാസികള്‍ക്കു വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ പ്രവാസി വ്യവസായി ഡോ.ഷംഷീര്‍ വയലില്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരു കോടിയിലേറെ വരുന്ന പ്രവാസികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ് വോട്ടവകാശം. വിദേശത്ത് വെച്ചുതന്നെ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നതെങ്കിലും നാട്ടില്‍ പകരക്കാര്‍ക്ക് വോട്ട് ചെയ്യാനാകും വിധമാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഡോ. ഷംഷീര്‍ ഉള്‍പ്പെടെ മൂന്ന് പ്രവാസികളാണ് 2013 ല്‍ വോട്ടവകാശത്തിനുവേണ്ടിയുള്ള നിയമ പോരാട്ടം ആരംഭിച്ചത്.