Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ ബി.ജെ.പിക്ക് ആശ്വാസം; മുഖ്യമന്ത്രിക്കെതിരായ പിഴ റദ്ദാക്കി

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പാർട്ടി അധ്യക്ഷന്‍ അമിത് ഷായോടൊപ്പം
മുംബൈ- ഓഹരി വ്യാപാരത്തിലെ കൃത്രിമത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ വിധിച്ച നടപടിക്ക് സ്റ്റേ. ഓഹരി വ്യാപാരത്തിനു മേല്‍നോട്ടം വഹിക്കുന്ന സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) വിധിച്ച പിഴയാണ് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (സാറ്റ്) റദ്ദാക്കിയത്. സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനായിരുന്നു വിജയ് രൂപാണിക്കെതിരായ നടപടി. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം നടപടി തീരുമാനിക്കണമെന്ന് സെബിയോട് സാറ്റ് നിര്‍ദേശിച്ചു. കക്ഷികള്‍ മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. പിഴ ചുമത്തപ്പെട്ട 22 പേരിലൊരാളായ ആകാശ് ഹരീഷ്ഭായ് ദേശായിയാണ്  സാറ്റില്‍ അപ്പീല്‍ നല്‍കിയത്. 
രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 കമ്പനികള്‍ക്കാണു മൊത്തം 6.9 കോടി രൂപ പിഴ വിധിച്ചിരുന്നത്. ഇതില്‍ 15 ലക്ഷം രൂപയാണ് രൂപാണി അടക്കേണ്ടിയിരുന്നത്. സാരംഗ് കെമിക്കല്‍സിന്റെ ഓഹരി വില്‍പനയെക്കുറിച്ച് 2011ലാണ് സെബി അന്വേഷണം തുടങ്ങിയത്. 2016 മേയില്‍ 22 കമ്പനികള്‍ക്കും സെബി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ രൂപാണി മറുപടി നല്‍കിയില്ല.   2011 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൃത്രിമം നടന്നത്.
സെബിയുടെ നടപടി നേരിട്ട ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിജ്ഞയായ മോഷ്ടിക്കില്ല, മോഷ്ടിക്കാന്‍ അനുവദിക്കുകയുമില്ല എന്ന വാചകമടിയുടെ മറ്റൊരു വെളിപ്പെടുത്തലാണിതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. സെബി നടപടി റദ്ദാക്കപ്പെട്ടത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് മുഖ്യമന്ത്രിക്കും ബി.ജെ.പിക്കും വലിയ ആശ്വസമാണ്. 2016 ഓഗസ്റ്റിലാണ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായത്.
 

Latest News