മക്ക - വിശുദ്ധ ഹറമിലെ സ്വഫ, മർവ മലകൾ ആഴ്ചയിൽ ഒരു തവണ വീതം അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. വിശുദ്ധ ഹറമും മുറ്റങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള കർമ പദ്ധതി അനുസരിച്ചാണ് സ്വഫ, മർവ മലകൾ അണുവിമുക്തമാക്കുന്നത്. വിശുദ്ധ ഹറമിലെ പ്രത്യേക ഉപകരണങ്ങളും പദാർഥങ്ങളും ഉപയോഗിച്ചാണ് സ്വഫ, മർവ മലകൾ അണുവിമുക്തമാക്കുന്നതെന്ന് വിശുദ്ധ ഹറമിലെ അണുനശീകരണ, കാർപെറ്റ് വിഭാഗം മേധാവി ജാബിർ അൽവുദ്ആനി പറഞ്ഞു. വാസ്തുവിദ്യാ ഘടകങ്ങളിൽ വൈദഗ്ധ്യം നേടിയ പ്രത്യേക ടീമാണ് സ്വഫ, മർവ മലകൾ അണുവിമുക്തമാക്കുന്നത്. സ്വഫ, മർവ മലകളിലെ മാലിന്യങ്ങൾ പതിവായി നീക്കം ചെയ്യുകയും ചില്ല് ബാരിക്കേഡുകൾ വൃത്തിയാക്കുകയും ചെയ്യുന്നുണ്ടെന്ന് ജാബിർ അൽവുദ്ആനി പറഞ്ഞു.
മക്കയിൽ മഴക്കിടെ വിശുദ്ധ ഹറമിൽ തീർഥാടകർക്കും വിശ്വാസികൾക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഹറം ജീവനക്കാർക്കുമിടയിൽ ഗിഫ്റ്റ് ചാരിറ്റി അസോസിയേഷൻ മഴക്കോട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. തീർഥാടകർക്കും വിശ്വാസികൾക്കും പച്ച നിറത്തിലുള്ള മഴക്കോട്ടുകളും ഹറം ജീവനക്കാർക്ക് സുതാര്യമായ നൈലോൺ മഴക്കോട്ടുകളുമാണ് വിതരണം ചെയ്യുന്നതെന്ന് അസോസിയേഷൻ ഡയറക്ടർ ജനറൽ മൻസൂർ അൽആമിർ പറഞ്ഞു.