ജനക്കൂട്ടം തകര്‍ത്ത ക്ഷേത്രം പാക് സര്‍ക്കാര്‍ നിര്‍മിച്ചു കൊടുക്കും 

ഇസ്‌ലാമാബാദ്- പെഷാവറിനടുത്ത് ജനക്കൂട്ടം തകര്‍ത്ത ഹിന്ദു ക്ഷേത്രം നിര്‍മിച്ച് നല്‍കാന്‍ പാകിസ്താനിലെ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചു. നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്ന് ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യാ മന്ത്രി കമ്രാന്‍ ബന്‍ഗാഷ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ ക്ഷേത്രം തകര്‍ത്തത്. പുനര്‍നിര്‍മാണം നടക്കവെ സംഘടിച്ചത്തിയവര്‍ അമ്പലം പൊളിച്ച് അഗ്‌നിക്കിരയാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ക്ഷേത്രം തകര്‍ക്കപ്പെട്ടതില്‍ അതിയായ ഖേദമുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രവും കേടുപാടുകള്‍ സംഭവിച്ച സമീപത്തെ വീടുകളും നിര്‍മിച്ച് നല്‍കാന്‍ പ്രവിശ്യാ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.  ഉടന്‍ നിര്‍മാണം ആരംഭിക്കും. പ്രദേശത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം തകര്‍ക്കുന്നതിലേക്ക് എത്തിയ സംഭവങ്ങളെ കുറിച്ച് പാക്കിസ്ഥാന്‍  സുപ്രീംകോടതി സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ  പ്രതിഷേധം അറിയിച്ചിരുന്നു. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയുടെ തലസ്ഥാനമാണ് പെഷാവര്‍. ഇവിടെ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് തകര്‍ത്ത ക്ഷേത്രം. . 45 പേരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഇര്‍ഫാനുല്ല ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 
 

Latest News