തിരുവനന്തപുരം- കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ വെളിപ്പെടുത്താൻ രമേശ് ചെന്നിത്തല നിർബന്ധിച്ചതായി സരിതാ നായർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സോളാർ കമ്മീഷനിൽ മൊഴി കൊടുക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംഭവം. ചെന്നിത്തലയുടെ അടുത്തയാളും ഹൈക്കോടതി അഭിഭാഷകനുമായ വി. ജോയിയുടെ എറണാകുളം നോർത്തിലുളള വീട്ടിൽ സംസാരിച്ച ശേഷമാണ് ഫോൺ എനിക്ക് തന്നത്. ചെന്നിത്തലയായിരുന്നു മറുതലയ്ക്കൽ. കമ്മീഷന് നൽകാൻ പോകുന്ന മൊഴിയെക്കുറിച്ച് ചോദിച്ച ശേഷം ഉമ്മൻ ചാണ്ടിക്കെതിരായ തെളിവുകൾ പരസ്യമാക്കാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് തൊട്ടു മുമ്പായിരുന്നു ഇത്. കമ്മീഷന് നൽകുന്ന മൊഴികൾ വെളിപ്പെടുത്തരുതെന്ന് കമ്മീഷൻ നിർദേശിച്ച കാര്യം അപ്പോൾ ഞാൻ ചെന്നിത്തലയോട് പറഞ്ഞു.
ജുഡീഷ്യൽ കമ്മീഷന് നൽകാത്ത ചില തെളിവുകൾ കൂടി പുതിയ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി നൽകുമെന്ന് സരിത വ്യക്തമാക്കി. സോളാർ റിപ്പോർട്ടിൽ സന്തോഷമുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പെടാൻ സാധ്യതയുള്ളവർക്ക് ഒരു മുന്നറിയിപ്പായി മാറാൻ കഴിഞ്ഞു. രാഷ്ട്രീയക്കാരെല്ലം എന്റെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ആരെയും പ്രീതിപ്പെടുത്താൻ ഒന്നും ചെയ്തിട്ടില്ല. ഉപഭോക്താക്കളിൽനിന്ന് ലഭിച്ച പണം രാഷ്ട്രീയക്കാർക്ക് കൊടുക്കേണ്ട അവസ്ഥയാണ് തനിക്കുണ്ടായത്. റിപ്പോർട്ട് പുറത്ത് വന്ന ശേഷം മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് ഒരു ഭാഗം മാത്രമാണ്. ഒരു ആവശ്യം നിറവേറ്റുന്നതിനായി സർക്കാർ ഓഫീസുകളിലേക്ക് പോകുന്നവർക്ക് കാര്യം സാധിക്കാൻ എന്തൊക്കെ ചെയ്യേണ്ടി വരുമെന്ന് കൂടിയാണ് റിപ്പോർട്ട് പറയുന്നത്. ഹരാസ്‌മെന്റിനപ്പുറം ഇത്തരം കാര്യങ്ങൾ കൂടി ചർച്ച ചെയ്യപ്പെടണം.
ഇത്തരക്കാരുടെ മുഖംമൂടി പിച്ചിച്ചീന്താൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ട്. കോൺഗ്രസിന്റെ ചാനൽ തൊഴിലാളികൾ പറയുന്നത് പോലെ ഞാൻ അങ്ങനെയൊരു സ്ത്രീയായിരുന്നില്ല. കമ്മീഷൻ റിപ്പോർട്ട് വായിച്ചാൽ തന്റെ സാഹചര്യം മനസ്സിലാകും. എത്ര മോശക്കാരിയായി ചിത്രീകരിച്ചാലും എത്ര തവണ കല്ലെറിഞ്ഞാലും മാന്യമായി തന്നെ മുന്നോട്ട് പോകും. എനിക്ക് എന്റെ ജീവിതം അറിയാം. തെറ്റായ വഴിയിൽ ഇതു വരെ പോയിട്ടില്ലെന്നും സരിത പറഞ്ഞു.