അമരാവതി- ആന്ധ പ്രദേശ് ഹൈക്കോടതിയും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വന്നതിനു പിന്നാലെ ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റി. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരിയെ സിക്കിം ഹൈക്കോടതിയിലേക്കും അവിടുത്തെ ചീഫ് ജസ്റ്റിസ് അരൂപ് കുമാര്‍ ഗോസ്വാമിയെ ആന്ധ്ര ഹൈക്കോടതിയിലേക്കും പരസ്പരം സ്ഥലം മാറ്റിയുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ, ഏറ്റവും മുതിര്‍ന്ന ജസ്റ്റിസുമാരായ എന്‍.വി രമണ, രോഹിങ്ടന്‍ നരിമാന്‍ എന്നിവരടങ്ങിയ കൊളീജിയമാണ് ഡിസംബര്‍ 14ന് സ്ഥലംമാറ്റം ശുപാര്‍ശ ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി തടയിടുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി ജഗന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത് വലിയ വിവാദമായിരുന്നു. ആന്ധ്രയുടെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ ഒരു ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതോടെയാണ് രണ്ടു മാസം മുമ്പ് ജഗനും ഹൈക്കോടതിയും തമ്മിലുള്ള ഉരസല്‍ പുതിയ തലത്തിലേക്ക് കടന്നത്. മുന്‍ അഡ്വക്കറ്റ് ജനറല്‍ ധമ്മല്‍പതി ശ്രീനിവാസും സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയായ ജസ്റ്റിസ് രമണയുടെ രണ്ടു പെണ്‍മക്കളും ഈ കുംഭകോണ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്.
ഹൈക്കോടതിയിലെ ഈ കേസിനെ സ്വാധീനിക്കാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ജസ്റ്റിസ് രമണ സ്വാധീനം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ജഗന്‍ ഒക്ടോബറില്‍ ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്ക് കത്തെഴുതിയത്. ഈ കത്ത് ജഗന്റെ മുഖ്യ ഉപദേഷ്ടാവ് അജെയ കല്ലം മാധ്യമങ്ങള്‍ക്കു നല്‍കിയതോടെ സംഭവം വലിയ വിവാദമാകുകയും ചെയ്തു.
ചീഫ് ജസ്റ്റിന്റെ സ്ഥലം മാറ്റം ആന്ധ്രയിലെ മുന്നു തലസ്ഥാനം സംബന്ധിച്ച കേസ് നടപടികളും മുഖ്യമന്ത്രി ജഗനെതിരായ സിബിഐ ന്വേഷണ കേസും വൈകിപ്പിക്കുമെന്ന് ഡിസംബര്‍ 30ന് ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സ്ഥലംമാറ്റം ജഗന് അനുചിതമായ സൗകര്യം നല്‍കിയിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍ സി ചൗഹാനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറിസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖിനെ മധ്യ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സ്ഥലംമാറ്റി നിയമിച്ചു. പുതുതായ ചീഫ് ജസ്റ്റിസുമാരായ സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് ഹിമ കോഹ്ലി തെലങ്കാന ഹൈക്കോടതിയിലും ജസ്റ്റിസ് എസ് മുരളീധര്‍ ഒറിസ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരാകും. കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ചീബ് ബാനര്‍ജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാകും.