Sorry, you need to enable JavaScript to visit this website.

നിയമം പിൻവലിച്ചേ തീരൂ, ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കില്ലെന്ന് കർഷകർ

ന്യൂദൽഹി- കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി കർഷക സംഘടനകൾ. നിയമങ്ങൾ പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്നും ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ തയ്യാറല്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. ഈ മാസം നാലിനാണ് കർഷകരുമായി കേന്ദ്ര സർക്കാറിന്റെ പുതിയ ചർച്ച. ദൽഹിയിൽ സമരം 37-ാം ദിവസവും തുടരുകയാണ്. 
 വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കർഷക സമരം ഒത്തു തീർപ്പാക്കാൻ കേന്ദ്ര സർക്കാർ വിളിച്ച ആറാം ഘട്ട ചർച്ചയും തീരുമാനം ആകാതെ കഴിഞ്ഞ ദിവസം പിരിഞ്ഞിരുന്നു. 
    വൈദ്യുതി ഭേദഗതി ബില്ലില്ലും അന്തരീക്ഷ മലിനീകരണ നിയമത്തിലെ ശിക്ഷാ വ്യവസ്ഥകളിലും ഇളവുകൾ വരുത്താമെന്നും സർക്കാർ വ്യക്തമാക്കി. സുപ്രീംകോടതി നിർദേശിച്ചത് അനുസരിച്ച് കർഷക പ്രതിനിധികളെയും സർക്കാർ ശിപാർശ ചെയ്യുന്ന പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാമെന്നും ഉറപ്പു നൽകി. അതേസമയം മറ്റു മന്ത്രിമാരുമായി ചർച്ച നടത്തുന്നത് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നേരിട്ട് ചർച്ച നടത്തണമെന്ന് കോൺഗ്രസും ശിരോമണി അകാലി ദളും കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.
    നിയമം പിൻവലിക്കില്ലെന്നും കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നു. മിനിമം താങ്ങുവില ഉറപ്പാക്കാൻ ഒരു പുതിയ നിയമം തന്നെ കൊണ്ടു വരാനുള്ള സാധ്യകതകൾ ചർച്ച ചെയ്യാമെന്നും ചർച്ചയിൽ കേന്ദ്ര മന്ത്രിമാർ കർഷക പ്രതിനിധികളോട് പറഞ്ഞു. ചർച്ചയുടെ തുടക്കത്തിൽ തന്നെ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് തന്നെ കർഷകർ ആവശ്യപ്പെട്ടു. അതോടൊപ്പം മിനിമം താങ്ങുവില ഉറപ്പു വരുത്താൻ ഒരു നിയമം കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇതിനോട് നേരിട്ടു പ്രതികരിക്കാതെ ഇക്കാര്യം ചർച്ച ചെയ്യാമെന്നു മാത്രമാണ് മന്ത്രിമാർ പ്രതികരിച്ചതെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹൻ നേതാവ് ജോഗീന്ദർ സിംഗ് പറഞ്ഞു. 
    താങ്ങുവിലയ്ക്കായി പ്രത്യേക നിയമം കൊണ്ടു വന്നാൽ സ്വകാര്യ വ്യാപാരികൾക്ക് കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നതിന് തടസമാകുമെന്നും ഇത് വിപണിയിൽ സംഘർഷം ഉണ്ടാക്കുമെന്നുമായിരുന്നു സർക്കാരിന്റെ വാദം. സ്വകാര്യ വ്യാപാരികൾക്ക് മിനിമം താങ്ങുവിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്നും അത് അവർക്ക് വൻ നഷ്ടമുണ്ടാക്കുമെന്നുമാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞത്.
 

Latest News