ന്യൂദൽഹി- പുകമഞ്ഞു മൂടി അന്തരീക്ഷം അപകടകരമായി തുടരുന്ന ദൽഹിയിൽ പിടിച്ചുനിൽക്കാൻ കർശന നടപടികളുമായി സർക്കാർ. സംസ്ഥാനത്ത് ഈ മാസം 13 മുതൽ ഒറ്റ അക്ക, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്ന് ദൽഹി സർക്കാർ അറിയിച്ചു. അഞ്ചു ദിവസത്തേക്കായിരിക്കും വാഹന നിയന്ത്രണമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. ഇതനുസരിച്ച് വണ്ടി നമ്പറിന്റെ അവസാനം ഒറ്റ അക്കം വരുന്ന സ്വകാര്യ വാഹനങ്ങൾ ഒറ്റ അക്ക തീയതികളിലും ഇരട്ട അക്കം വരുന്ന വാഹനങ്ങൾ ഇരട്ട അക്ക തീയതികളിലുമേ റോഡിലിറങ്ങാവൂ.
കഴിഞ്ഞ തവണ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് ഇത്തരത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. തുടർച്ചയായി നാലാം ദിവസവും ദൽഹിയിലെ അന്തരീക്ഷ മലിനീകരണം അപകടാവസ്ഥയിൽ തുടർന്നതോടെയാണ് നിയന്ത്രണം വീണ്ടും ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്നലെ രാവിലെ നഗരത്തിലെ അന്തരീക്ഷ മലിനീകരണ തോത് ഏറ്റവും അപകടകരമായ 465 എന്ന നിലയിലായിരുന്നു. കാലാവസ്ഥ മോശയമായതിനെ തുടർന്ന് പ്രൈമറി സ്‌കൂളുകൾക്ക് ഈ ആഴ്ച അവധിയാണ്.
നഗരവാസികളോട് അധികം പുറത്തിറങ്ങി നടക്കരുതെന്നും കഴിയാവുന്നതും വീടുകളിൽ തന്നെ കഴിച്ചുകൂട്ടണമെന്നുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധൻ ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അപകടകരമായ അന്തരീക്ഷാവസ്ഥ പരിഹരിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും വകുപ്പ് സഹമന്ത്രി ഡോ. മഹേഷ് ശർമയും ആവശ്യപ്പെട്ടു.
അതിനിടെ ദൽഹിയിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാൻ മേഘ വിസ്‌ഫോടനം നടത്തി കൃത്രിമ മഴ പെയ്യിക്കാനാകുമോ എന്ന് ദൽഹി ഹൈക്കോടതി ആരാഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
പഞ്ചാബ്, ഹരിയാന, യു.പി എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഇപ്പോഴത്തെ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനു കാരണമെന്ന് വ്യക്തമായി. എല്ലാ വർഷവും ഒക്ടോബർ അവസാനം ലക്ഷക്കണക്കിന് ടൺ വൈക്കോലും കളകളുമാണ് ഇവിടങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിയിടങ്ങളിൽ മാത്രം 35 ടൺ മാലിന്യം കത്തിക്കുന്നുണ്ടെന്നാണ് കണക്ക്. പഞ്ചാബിൽനിന്നാണ് ഇത്തരത്തിൽ ഏറ്റവുമധികം പുക ഉയരുന്നതെന്ന് ഒക്ടോബർ 27, 29, 31 തീയതികളിലായി നാസ എടുത്ത ചിത്രങ്ങളിൽനിന്ന് വ്യക്തമായി. നാലു ദിവസത്തോളം എടുത്താണ് ഈ പുക ദൽഹിയിലെത്തുന്നതെന്ന് നാസ ചിത്രങ്ങൾ പരിശോധിച്ച കാൺപൂർ ഐ.ഐ.ടിയിലെ പ്രൊഫസർ സച്ചിദാനന്ദ നന്ദ് ത്രിപാഠി പറഞ്ഞു. വടക്കു പടിഞ്ഞാറൻ കാറ്റാണ് ഈ മാലിന്യത്തെ ദൽഹിയിലേക്ക് കൊണ്ടുവരുന്നതെന്ന് സ്‌കൈമെറ്റ് കാലാവസ്ഥാ കേന്ദ്രത്തിലെ മഹേഷ് പലാവത് പറഞ്ഞു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ കൃഷി സ്ഥലങ്ങളിൽ തീയിടുന്നത് 2015 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിരുന്നെങ്കിലും ഉത്തരവ് ഇതുവരെ ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. ഖാരിഫ് വിളകൾക്ക് ശേഷം ഉടൻ തന്നെ അടുത്ത ശൈത്യകാല വിളയിറക്കാനാണ് കർഷകർ പാടത്ത് തീയിടുന്നത്. ഇതിന് പിഴ ചുമത്തിയിട്ടും തീയിടാതിരിക്കാൻ സാമ്പത്തിക സഹായം നൽകിയിട്ടും ഇത്തവണയും ഇതാവർത്തിച്ചു.
ദൽഹിയിലും അയൽ സംസ്ഥാനങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. വിഷയത്തിൽ സ്വമേധയാ നടപടിയെടുത്ത കമ്മീഷൻ അന്തരീക്ഷം മലിനീകരണം തടയാൻ വേണ്ട നടപടികൾ അധികൃതർ എടുത്തില്ലെന്ന് കുറ്റപ്പെടുത്തി.
പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ടത് ഇന്നലെ 41 ട്രെയിൻ സർവീസുകളെ ബാധിച്ചു. പത്തിലധികം ട്രെയിനുകൾ റദ്ദാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ദൽഹിയിലേക്കുള്ള ബസ് സർവീസുകളും തടസ്സപ്പെട്ടു. യു.പി സ്റ്റേറ്റ് റോഡ്‌വേയ്‌സ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ അമ്പതോളം സർവീസുകൾ റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. നോയിഡ, ഗാസിയാബാദ്, ആഗ്ര എന്നിവടങ്ങളിലേക്കുള്ള ബസ് സർവീസുകളും ഭാഗികമായി നിലച്ചു.
ഇന്നലെ മുതൽ പഴയ വാഹനങ്ങളും നിർമാണ സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള ട്രക്കുകളും ദൽഹിയിൽ പ്രവേശിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കി. പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ദൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രവേശിക്കരുതെന്നാണു നിർദേശം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾ എടുക്കണം. കൃത്രിമ മഴ പെയ്യിക്കാൻ ഹെലികോപ്ടറുകൾ ഉപയോഗിക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. അടുത്ത വിചാരണ വരെ വ്യവസായിക പ്രവർത്തനങ്ങൾ നടത്തരുതെന്നും മലിനീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരുദ്യോഗസ്ഥനെ നിയമിക്കണമെന്നും നിർദേശിച്ചു.
എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടു മാത്രം രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനു പരിഹാരം കാണാൻ കഴിയില്ലെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.