Sorry, you need to enable JavaScript to visit this website.

ഭൂമിക്കടിയില്‍ സരയൂ നദി പ്രവാഹം,  രാമക്ഷേത്രം നിര്‍മിക്കാനാവില്ല

ലഖ്‌നൗ-രാമക്ഷേത്ര നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്ത ഭൂമിയ്ക്കടിയില്‍ സരയൂ നദി പ്രവാഹം കണ്ടെത്തി.  രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാനാവില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടോടെ പുറത്തു വരുന്ന വാര്‍ത്തകള്‍. പുതിയ മാതൃകയക്കായി ട്രസ്റ്റ് ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ ട്രസ്റ്റ് മേധാവിയും പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്രയുടെ കീഴില്‍ ക്ഷേത്ര നിര്‍മാണ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവിലെ മാതൃകയില്‍ അടിത്തറ നിര്‍മിക്കാന്‍ ആകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.സിബിആര്‍ഐ റൂര്‍ക്കി, ഐഐടി മദ്രാസ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഒപ്പം ലാര്‍സണ്‍ ആന്‍ഡ് ട്രുബോയിലെ എഞ്ചിനീയര്‍മാരാണ് മണ്ണ് പരിശോധന നടത്തിയിരുന്നത്. ഭൂമികുലുക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ചെറുക്കുന്ന രീതിയിലാണ് നിര്‍മാണം വിഭാവനം ചെയ്തിട്ടുള്ളത്. 2023ഓടെ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിച്ചിരുന്നത്. ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. 1100 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.നൂറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ 2019 നവംബറിലാണ് ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി ക്ഷേത്രത്തിനായി വിട്ടു കൊടുത്ത് സുപ്രീം കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റേതായിരുന്നു സുപ്രധാന വിധി. നിര്‍ദിഷ്ട സൈറ്റില്‍ ജലപ്രവാഹം കണ്ടതോടെ സുപ്രീം കോടതി വിധിയെ പരിഹസിച്ച് നെറ്റിസണ്‍സ് രംഗത്തെത്തി. 

Latest News