ബെയ്ജിങ്- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്തള്ളി ചൈനീസ് കുടിവെള്ള വ്യവസായി ഷോങ് ഷാന്‍ഷാന്‍ ഒന്നാമനായി. ജാക് മാ ഉള്‍പ്പെടെയുള്ള ചൈനയിലെ കോടീശ്വരന്മാരെ മറികടന്ന് ചുരുങ്ങിയ കാലത്തിനുള്ളിലാണ് ഷോങ് മുന്നിലെത്തിയത്. അടുത്ത കാലം വരെ ചൈനയ്ക്കു പുറത്ത് അധികമാരും അറിയാതിരുന്ന ഷോങിന്റെ ഉയര്‍ന്ന അതിവേഗത്തിലായിരുന്നു. 77.8 ബില്യണ്‍ ഡോളറാണ് ഷോങിന്റെ ആസ്തി. 70.9 ബില്യണ്‍ ഡോളറില്‍ നിന്ന് ഒരു വര്‍ഷത്തിനിടെയാണ് ഈ വളര്‍ച്ച. 76.9 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ 66കാരനായ ഈ വ്യവസായി ഇപ്പോള്‍ 11ാം സ്ഥാനത്താണ്.
മാധ്യമപ്രവര്‍ത്തനം, കൂണ്‍ കൃഷി തുടങ്ങി വിവിധ തൊഴില്‍മേഖലകളിലൂടെ ഉയര്‍ന്നു വന്ന ഷോങിന്റെ ബിസിനസ് സാമ്രാജവും ഭിന്ന മേഖലകളാണ്. കുടുവെള്ള വ്യവസായം, വാക്‌സിന്‍ നിര്‍മാണം എന്നിവയാണ് ഷോങിന്റെ പ്രധാന ബിസിനസ്. വാക്‌സിന്‍ നിര്‍മാണ കമ്പനിയായ ബെയ്ജിങ് വന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസ് കമ്പനിയുടേയും കുപ്പിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിങിന്റേയും ഓഹരി വില്‍പ്പനയിലൂടെയാണ് ഷോങിന്റെ ആസ്തി കുതിച്ചുയര്‍ന്നത്. വന്‍തായ് ഫാര്‍മസിയുടെ ഓഹരിമൂല്യം 2000 ശതമാനവും നോങ്ഫു ഓഹരിമൂല്യം 155 ശതമാനവുമാണ് വര്‍ധിച്ചത്.