വാഷിങ്ടന്‍- യുഎസില്‍ കോവിഡ് പ്രതിരോധത്തിനുള്ള ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത 45കാരനായ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ മരുന്ന് സ്വീകരിച്ച് ഒരാഴ്ച്ചയ്ക്കു ശേഷമാണ് ഇവര്‍ക്ക് കോവിഡ് പിടിപെട്ടതെന്ന് യുഎസ് മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയയിലെ രണ്ടു പ്രാദേശിക ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മാത്യൂ ഡബ്ല്യു എന്ന നഴ്‌സിനാണ് രോഗം പിടിപെട്ടത്. കുത്തിവെപ്പെടുത്തപ്പോള്‍ കയ്യിന് വീക്കമുണ്ടായിരുന്നുവെന്നും മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ കോവിഡ് യൂണിറ്റാലായിരുന്നു ജോലി ചെയ്തിരുന്നത്. വാക്‌സിന്‍ സ്വീകരിച്ച് ആറു ദിവസത്തിനു ശേഷം ക്രിസ്മസ് തലേന്നാണ് വീണ്ടും രോഗബാധയുണ്ടായത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്വയം വണ്ടിയോടിച്ച് അദ്ദേഹം ആശുപത്രിയിലെത്തി ടെസ്റ്റ് ചെയ്യുകയായിരുന്നു.
ഇത് അപ്രതീക്ഷിത സംഭവമല്ലെന്ന് സാന്‍ഡിയാഗോ ഫാമിലി ഹെല്‍ത് സെന്റേഴ്‌സിലെ പകര്‍ച്ചാവ്യാധി സ്‌പെഷ്യലിസ്റ്റ് ക്രിസ്റ്റ്യന്‍ റാമേഴ്‌സ് പറഞ്ഞു. കോവിഡ് വാക്‌സിനെടുത്ത ശേഷം ശരീരം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ 10 മുതല്‍ 14 വരെ ദിവസങ്ങളെടുക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വ്യക്തമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ഡോസ് കുത്തിവെപ്പെടുത്താല്‍ 50 ശതമാനം പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം ഡോസ് കൂടി എടുത്താല്‍ 95 ശതമാനം പ്രതിരോധ ശേഷി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.